ഗൂഡല്ലൂർ : താലൂക്കാശുപത്രി ജില്ലാ ആശുപത്രിയാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊൻ ജയശീലൻ എം.എൽ.എ. വ്യാഴാഴ്ച നിരാഹാരസമരം നടത്തും. അനുഭാവം പ്രകടിപ്പിച്ച് എ.ഐ.എ.ഡി.എം.കെ. ഗൂഡല്ലൂർ മണ്ഡലത്തിൽ കടകളടച്ച് പ്രതിഷേധിക്കും. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ഒട്ടേറെപ്പേർ ആശ്രയിക്കുന്ന ആശുപത്രി കൂനൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് പ്രതിഷേധം.

ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു. ഈ നീക്കം രാഷ്ട്രീയപ്രേരിതമാണ്. ഡോക്ടർമാരെ നിയമിക്കാതെയും അടിസ്ഥാനസൗകര്യങ്ങൾപോലും നിഷേധിച്ചും ആശുപത്രി കുത്തഴിഞ്ഞ തരത്തിലാക്കിമാറ്റി ജനങ്ങളെ സർക്കാർ ദ്രോഹിക്കുകയാണ്. ഇതെല്ലാം ആശുപത്രിയുടെ വികസനം തടയാനും ജില്ലാ ആശുപത്രിയാക്കി വികസിപ്പിക്കാനുള്ള മുൻ തീരുമാനം തടയാനുമാണ്. ജില്ലാ ആശുപത്രിയാക്കിയുള്ള സർക്കാർ പ്രഖ്യാപനം ഉടൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.