മാനന്തവാടി : മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ബുധനാഴ്ച തിയേറ്ററുകൾ തുറന്നു. പക്ഷേ, ആഘോഷിക്കാൻ കാഴ്ചക്കാരെത്തിയില്ല. ജനുവരിയിൽ വിജയ് ചിത്രം മാസ്റ്ററിനെ വരവേറ്റ് തിയേറ്ററുകൾ തുറന്നപ്പോഴുള്ള ആവേശവും ആരവങ്ങളും ഇത്തവണയുണ്ടായില്ല. ജെയിംസ്ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’, ‘വെനം’ എന്നീ ഇംഗ്ലീഷ് ചിത്രങ്ങളാണ് ബുധനാഴ്ച റിലീസ് ചെയ്തത്. എട്ടുതിയേറ്ററുകളിലായി 18 സ്ക്രീൻ ജില്ലയിലുണ്ടെങ്കിലും ബുധനാഴ്ച നാലുതിയേറ്ററുകളിലായി ഏഴു സ്ക്രീനിൽ മാത്രമാണ് സിനിമയോടിയത്.

മാനന്തവാടി ജോസ് സിനിമാസ്, പുല്പള്ളി പെന്റാ സിനിമാസ്, സുൽത്താൻബത്തേരി ഐശ്വര്യ സിനിപ്ലക്സ്, മിന്റ് മാൾ എന്നിവയാണ് തുറന്നത്. പുല്പള്ളി പെന്റാ സിനിമാസിൽ മാത്രമാണ് മൂന്നു സ്ക്രീനും പ്രവർത്തിപ്പിച്ചത്. മറ്റു തിയേറ്ററുകൾ ചിത്രങ്ങളില്ലാത്തതിനാൽ ബുധനാഴ്ച തുറന്നില്ല.

11, രണ്ടുമണി, അഞ്ചുമണി, എട്ടുമണി എന്നിങ്ങനെയായിരുന്നു പ്രദർശനസമയമെങ്കിലും വളരെ കുറച്ചുപേർ മാത്രമാണെത്തിയത്. വൈകീട്ടും അഞ്ചിനും എട്ടിനും ഉള്ള ഷോകൾക്കാണ് താരതമ്യേന ആളുകൾ കൂടുതൽ കയറിയത്.

രാവിലെയും ഉച്ചയ്ക്കുമുള്ള ഷോകളിൽ 20 പേരിൽ താഴെമാത്രമാണ് സിനിമ കാണാൻ എത്തിയത്. തുടക്കം ഹോളിവുഡ് ചിത്രങ്ങൾ ആയതിനാലാണ് ജനങ്ങളുടെ ഈ തണുപ്പൻ പ്രതികരണമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന മലയാളം, തമിഴ് സിനിമകളിലാണ് അവർക്ക് പ്രതീക്ഷ.

പ്രതീക്ഷയുടെ ദീപാവലി

ദീപാവലി റിലീസുള്ള രജനികാന്ത് ചിത്രം ‘അണ്ണാത്തെ’, വിശാൽ-ആര്യ ചിത്രം ‘എനിമി’ എന്നിവയാണ് പ്രതീക്ഷ നൽകുന്ന തമിഴ് ചിത്രങ്ങൾ. തമിഴ്നാട്ടിൽ ഹിറ്റായ ശിവകാർത്തികേയൻ ചിത്രം ‘ഡോക്ടർ’ വ്യാഴാഴ്ച തിയേറ്ററിലെത്തുമെങ്കിലും വൈഡ് റിലീസ് അല്ലാത്തതിനാൽ എല്ലാ തിയേറ്ററിലും ഉണ്ടാവില്ല. എങ്കിലും പടം ഓടുന്ന തിയേറ്ററുകളിൽ ബുധനാഴ്ചത്തെക്കാളും കൂടുതൽ ആളുകളെത്തുമെന്നാണ് കണക്കാക്കുന്നത്. പണ്ടത്തേതുപോലെ തുറന്ന ദിവസം ആവേശമില്ലാതെപോയത് എല്ലാതിയേറ്ററിലും സിനിമാപ്രദർശനത്തിന് എത്താത്തതിനാലും ഹോളീവുഡ് സിനിമ ആയതുകൊണ്ടുമാണ്. മലയാളം, തമിഴ് ചിത്രങ്ങൾ എത്തുന്നതോടെ തിയേറ്റർ സജീവമാകുമെന്നും ബത്തേരി ‘ഐശ്വര്യ സിനിപ്ലക്സ്’ ഉടമ ഐസൺ കെ. ജോസ് പറഞ്ഞു.

കുറുപ്പ് മുതൽ കുഞ്ഞെൽദോ വരെ

തിയേറ്ററുകൾക്ക് ഉണർവേകാൻ കാത്തിരിക്കുന്ന മലയാളം ചിത്രങ്ങളിൽ ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ നവംബർ 12-ന് തിയേറ്ററുകളിലെത്തും. തുടർന്ന് സുരേഷ് ഗോപി ചിത്രം ‘കാവൽ’ ആസിഫ് അലി ചിത്രം ‘കുഞ്ഞെൽദോ’ എന്നിവയും എത്തുമെന്ന് ഉടമകൾ പറഞ്ഞു. അണ്ണാത്തെ, കുറുപ്പ്, കാവൽ തുടങ്ങിയ ചിത്രങ്ങൾ ഗംഭീരവരവേൽപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൃഥ്വിരാജ്-ജോജു ജോർജ് ചിത്രം സ്റ്റാർ വെള്ളിയാഴ്ച എത്തും.