കല്പറ്റ : അഴിമതിയും സാമ്പത്തികക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളെത്തുടർന്ന് പള്ളിക്കുന്ന് ക്ഷീരോത്പാദക സഹകരണസംഘം ഭരണസമിതി ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ പിരിച്ചുവിട്ടു. ഭരണസമിതി പിരിച്ചുവിടുന്നതിനു മുമ്പു നൽകിയ വിശദീകരണ നോട്ടീസിനുള്ള മറുപടി തൃപ്‌തികരമല്ലാത്തിനാലാണ് സഹകരണനിയമം വകുപ്പ് (32) (1) പ്രകാരമുള്ള നടപടി. ബത്തേരി ക്ഷീരവികസന ഓഫീസർക്ക് സംഘത്തിന്റെ ഭരണചുമതല നൽകി.
ഭരണസമിതി ക്രമക്കേടിലൂടെ സംഘത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് കോട്ടം വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. മുൻഭരണസമിതിയുടെ നിയമവിരുദ്ധനടപടികളും അഴിമതികളും നിലവിലെ ഭരണസമിതി ക്രമപ്പെടുത്തി നൽകുകയും ചെയ്തതായും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കെട്ടിടനിർമാണം, സ്ഥലം വാങ്ങൽ, സ്വാശ്രയസംഘം രൂപവത്കരണം, പ്ലാന്റ് ആൻഡ് മെഷിനറി സ്ഥാപിക്കൽ, വാഹനം വാങ്ങൽ, കെട്ടിടനിർമാണത്തിന് വായ്പ എടുക്കൽ തുടങ്ങിയവയിലൂടെ സംഘത്തിന് വലിയനഷ്ടം വരുത്തിയെന്നായിരുന്നു പരാതി. കോൺഗ്രസ് നേതാവ് ഒ.വി. അപ്പച്ചനാണ് സംഘത്തിന്റെ പ്രസിഡന്റ്. സംഘത്തിൽ സാമ്പത്തിക ക്രമക്കേടാണെന്നാരോപിച്ച് ഭരണസമിതി അംഗം നേരത്തെ രാജിവെച്ചിരുന്നു.