കല്പറ്റ : മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ അതിർത്തിഗ്രാമങ്ങളായ ചോലാടി, ചെല്ലങ്കോട്, കുട്ടപ്പൻകടവ്, മീൻമുട്ടി പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെല്ലങ്കോട് കർമസമിതി ഡി.എഫ്.ഒ. ഓഫീസ് ധർണ നടത്തി. പ്രദേശങ്ങളിൽ രൂക്ഷമായ വന്യമൃഗശല്യം കാരണം കർഷകർ ബുദ്ധിമുട്ടുകയാണ്. കാട്ടാനയിറങ്ങുന്നത് ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് സമരക്കാർ പറഞ്ഞു. വനംവകുപ്പ് മുമ്പ് സ്ഥാപിച്ച ഫെൻസിങ് തകരാറിലായി. മീൻമുട്ടിമുതൽ കുട്ടൻകടവുവരെയുള്ള മൂന്ന് കിലോമീറ്റർ റെയിൽഫെൻസിങ് സ്ഥാപിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കളക്ടർ, ഡി.എഫ്.ഒ. എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

ധർണ മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനംചെയ്തു. വാർഡംഗം ദീപാ ശശികുമാർ അധ്യക്ഷത വഹിച്ചു. പി.ഒ. തോമസ്, ഇ.വി. ശശിധരൻ, പി.വി. വേണുഗോപാൽ, പി. അയൂബ്, യു. ബാലൻ എന്നിവർ സംസാരിച്ചു.