അമ്പലവയൽ : ഗ്രാമപ്പഞ്ചായത്തിലെ അപകടം പതിയിരിക്കുന്ന ക്വാറിക്കുളങ്ങൾക്ക് ചുറ്റും സുരക്ഷാമതിൽ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പലവയൽ പ്രദേശത്തുമാത്രം മുപ്പതോളം ക്വാറിക്കുളങ്ങളാണ് ഒരു സുരക്ഷയുമില്ലാതെ തുറസ്സായിക്കിടക്കുന്നത്. കഴിഞ്ഞമാസം ആയിരംകൊല്ലിയിലെ ക്വാറിക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചിരുന്നു. ജലസമൃദ്ധമായ കുളങ്ങളിലെ അപകടക്കെണി തിരിച്ചറിയാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

അമ്പവലയൽ പ്രദേശത്ത് പലപ്പോഴായി പ്രവർത്തനം നിലച്ച ക്വാറികൾ ഇപ്പോൾ വലിയ കുളങ്ങളാണ്. ശുദ്ധമായ വെള്ളം നിറഞ്ഞ കുളങ്ങളുടെ ആഴം ആർക്കും നിശ്ചയമില്ല. ഇതിലൊരെണ്ണത്തിലാണ് കഴിഞ്ഞമാസം ഇരുപതുകാരന്റെ ജീവൻ പൊലിഞ്ഞത്. ആയിരംകൊല്ലിയിൽ സുഹൃത്തുക്കളോടൊപ്പം സ്ഥിരമായി കുളിക്കാനിറങ്ങുന്ന കുളത്തിലാണ് അപകടമുണ്ടായത്. ആൾത്തിരക്കില്ലാത്ത ഇടങ്ങൾതേടി വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തുമ്പോൾ ക്വാറിക്കുളങ്ങൾ വലിയ കെണിയാണ്. ഒറ്റനോട്ടത്തിൽ ആഴം കുറവാണെന്നും സുരക്ഷിതമാണെന്നും തോന്നും. പക്ഷേ, മുപ്പതും അമ്പതും അടിയിലേറെ താഴ്ചയുള്ളവയാണ് ഓരോ കുളവും. പൊട്ടിച്ചിട്ട പാറക്കൂട്ടങ്ങൾക്കിടയിൽ കാൽ കുടുങ്ങാൻ സാധ്യതയേറെയാണ്. നീന്തലറിയുന്നവർപോലും അപകടത്തിലാകാൻ സാധ്യതയുണ്ട്. ഇവിടേക്ക് സന്ദർശകർ എത്താതിരിക്കാൻ സുരക്ഷാമതിൽ നിർമിക്കുകയെന്നത് മാത്രമാണ് പോംവഴി.

അമ്പലവയലിലെ ക്വാറിക്കുളങ്ങളിൽ മുമ്പും അപകടമരണങ്ങളുണ്ടായിട്ടുണ്ട്. വലിയ അളവിൽ വെള്ളം കെട്ടിക്കിടക്കുന്ന ക്വാറിക്കുളങ്ങൾക്കുചുറ്റും സുരക്ഷാമതിൽ നിർമിക്കണമെന്ന് 2004-ൽ അന്നത്തെ കളക്ടർ ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല. അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാർഡിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന വികാസ് കോളനിയിലെ രണ്ടുകുളങ്ങൾക്ക് കഴിഞ്ഞവർഷം സുരക്ഷാവേലി നിർമിച്ചിരുന്നു. ഈ മാതൃകയിൽ ആയിരംകൊല്ലി, മഞ്ഞപ്പാറ പ്രദേശത്തെ ക്വാറിക്കുളങ്ങൾക്കുചുറ്റും സുരക്ഷയൊരുക്കണമെന്ന് പൊതുപ്രവർത്തകനായ കെ.കെ. നാണു ആവശ്യപ്പെട്ടു. അമ്പലവയൽ ആയിരംകൊല്ലിയിൽ സുരക്ഷാകവചമില്ലാത്ത ക്വാറിക്കുളങ്ങളിലൊന്ന്