വെള്ളമുണ്ട : പച്ചപ്പുനിറഞ്ഞ പാടത്ത് ഐശ്വര്യത്തിന്റെ നിലവിളക്ക് കൊളുത്തി ക്ഷേത്രങ്ങളിലും കർഷകവീടുകളിലും പുത്തരി ആഘോഷിച്ചു. കാർഷികസമൃദ്ധിയെ വരവേൽക്കാനാണ് പുത്തരി ആഘോഷിച്ചു തുടങ്ങിയത്.

തുലാം പത്തിന് പാടത്ത് വിളഞ്ഞ ആദ്യനെല്ലിന്റെ കതിരുകൾ ക്ഷേത്രനടയിലും വീടുകളിലെ നെൽക്കളത്തിലെത്തിച്ചും ഒരു ആണ്ടിന്റെ സമൃദ്ധിയെ പ്രതീക്ഷയോടെ വരവേറ്റു.

പുല്പള്ളി : മുരിക്കന്മാർ ദേവസ്വം സീതാദേവി ലവ,കുശ ക്ഷേത്രത്തിലും ചേടാറ്റിൻ കാവിലും തുലാം പത്ത് പുത്തരി ആഘോഷത്തിന്റെ ഭാഗമായി കതിർ കയറ്റലും കതിർ പൂജയും നടത്തി.

മേൽശാന്തി മധുസൂദനൻനമ്പൂതിരി കാർമികത്വം വഹിച്ചു. ഭക്തർക്ക് കതിർ വിതരണംചെയ്തു. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻനായർ, മാനേജർ സി. വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

സുൽത്താൻബത്തേരി : പട്ടിയമ്പം തറവാട്ടു പാടത്തുനിന്ന് തുലാം പത്തു പുത്തരിക്കുള്ള നെൽക്കതിർ ആചാരപരമായ ചടങ്ങിന് തറവാട്ടിലേക്കു കൊണ്ടുപോയി.

നെൽക്കർഷക സമിതി കേരള സ്റ്റേറ്റ് പ്രസിഡന്റ്‌ പി.കെ. അച്യുതൻ, പി.കെ. രാമകൃഷ്ണൻ, തറവാട്ടു മുതലി വെള്ള കാരണവർ തമ്പു ചെട്ടി, പി.കെ. വേലായുധൻ എന്നിവർ നേതൃത്വം നൽകി.

മാനന്തവാടി : പയിങ്ങാട്ടിരി രാജരാജേശ്വരീക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. എ.കെ. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഭക്തജനസമിതി കൊണ്ടുവന്ന നെൽക്കതിർ മേൽശാന്തി ശ്രീനിവാസൻ സ്വാമി പൂജിച്ച് ഭക്തജനങ്ങൾക്ക് നൽകി.

വിശേഷാൽപൂജകളും ഉണ്ടായിരുന്നു. ഭക്തജനസമിതി പ്രസിഡന്റ് കെ.എസ്. കൃഷ്ണയ്യർ നേതൃത്വം നൽകി.

പുത്തരി മഹോത്സവം 29-ന്മീനങ്ങാടി : നായ്‌ക്കൊല്ലി ഭദ്രകാളി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവം 29-ന് നടക്കും.

രാവിലെ ആറിന് അഭിഷേകം, എട്ടിന് കതിർ സമർപ്പണം, 8.30-ന് വിശേഷാൽ പൂജ, വൈകീട്ട് ആറിന് ദീപാരാധന, രാത്രി എട്ടിന് പുത്തരി വെള്ളാട്ട്.