കല്പറ്റ : നേന്ത്രക്കായവില വിപണിയിൽ കൂപ്പുകുത്തുമ്പോഴും സർക്കാരിന്റെ തറവില പ്രഖ്യാപനവും കർഷകന് തുണയാവുന്നില്ല. 24 രൂപ തറവിലപ്രഖ്യാപനം ഉള്ളപ്പോൾ പൊതുവിപണിയിൽ 14-15 രൂപയ്ക്ക് നഷ്ടം സഹിച്ചും നേന്ത്രക്കുലകൾ വിറ്റഴിക്കേണ്ട ഗതികേടിലാണ് കർഷകർ. സർക്കാർ തറവില പ്രഖ്യാപിച്ചതിനൊപ്പംവെച്ച നിബന്ധനകൾ കർഷകരെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയരുന്നു.

തറവില ലഭിക്കുന്നതിനായി കർഷകർ വിളകൾ ഇൻഷുർചെയ്ത് മൂന്നുമാസത്തിനകംതന്നെ aims.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർചെയ്യേണ്ടിയിരുന്നു. എന്നാൽ വിള ഇൻഷുർചെയ്യുന്ന കാലയളവിൽ ഈ വിവരം കർഷകരെ അറിയിക്കുന്നതിൽ കൃഷിവകുപ്പ് ജീവനക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ല. നിലവിൽ ഉത്പന്നവുമായി തറവില ലഭിക്കുന്നതിനായി ഹോർട്ടികോർപ്പിനെ സമീപിക്കുന്ന കർഷകർക്ക് ആനുകൂല്യം നൽകാനാവാത്ത അവസ്ഥയാണ്. പോർട്ടലിൽ രജിസ്റ്റർചെയ്യുമ്പോൾ ലഭിക്കുന്ന ഐ.ഡി. അപ്രൂവലിന് നൽകിയാൽ മാത്രമേ തറവിലയായി പ്രഖ്യാപിച്ച സബ്സിഡി തുക കർഷകർക്ക് നൽകാനാവൂ. ഉത്പന്നങ്ങൾ കൈപ്പറ്റുമ്പോൾ വിപണി വില നൽകുകയും സബ്സിഡി പിന്നീട് നൽകുകയുമാണ് ചെയ്യുന്നത്.

തറവില കിട്ടിയത് 40-ഓളം പേർക്കുമാത്രം

ജില്ലയിൽ കേവലം 40-ഓളം കർഷകരാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ അഞ്ചുകർഷകർ ഒഴികെയുള്ളവരെല്ലാം ഉത്പന്നങ്ങൾ ഹോർട്ടികോർപ്പിലും അംഗീകൃത വി.എഫ്.പി.സി.കളിലും എത്തിച്ച് ഉത്പന്നവില കൈപ്പറ്റിക്കഴിഞ്ഞു. ഇവർക്കുതന്നെ തറവില പ്രഖ്യാപനം വേണ്ടത്ര ഗുണംചെയ്തില്ലെന്ന് ആരോപണമുണ്ട്. വയനാട്ടിൽ ഓരോ കർഷകരിൽനിന്നും സമാഹരിക്കേണ്ട ഉത്പന്നങ്ങളുടെ ശരാശരി അളവ് ഉദ്യോഗസ്ഥർ കണക്കുകൂട്ടിയതിൽവന്ന പിഴവാണ് ഇതെന്നും ആരോപണം ഉയരുന്നു. വയനാടൻ നേന്ത്രക്കുലയ്ക്ക് അഞ്ചുകിലോ തൂക്കമാണ് ഉദ്യോഗസ്ഥർ ശരാശരിയായി കണക്കാക്കിയത്. എന്നാൽ ചുരുങ്ങിയത് പത്തുകിലോയെങ്കിലും തൂക്കമുണ്ടാകും. ഇതോടെ കർഷകരിൽനിന്നും സമാഹരിക്കാവുന്ന ഉത്പന്നങ്ങളുടെ അളവ് കുറയും. ഓരോ സീസണിലും കർഷകർ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ വിവരം പലർക്കും അറിയില്ല.

ഇക്കുറി പ്രധാനമായും നേന്ത്രവാഴക്കർഷകരാണ് തറവില അന്വേഷിച്ചത്. വലിയ നഷ്ടമാണ് കർഷകർ നേരിട്ടത്. പയർ, വെള്ളരി, പാവയ്ക്ക തുടങ്ങി മറ്റുത്പന്നങ്ങളുമായി കുറച്ചുപേർ മാത്രമേ ഹോർട്ടികോർപ്പിലെത്തിയുള്ളൂ. കാലംതെറ്റിയുള്ള മഴയിൽ കൃഷിനാശം സംഭവിച്ച് പച്ചക്കറി ഉത്പാദനം കുറഞ്ഞു. കാലാവസ്ഥാവ്യതിയാനവും വന്യമൃഗശല്യവും വിപണിത്തകർച്ചയുമൊക്കെയായി കർഷകർ പൊറുതിമുട്ടുമ്പോഴാണ് നിബന്ധനകളുടെ പേരിലുള്ള ഈ പ്രഹരവും. മനസ്സ് മടുത്തു

നേന്ത്രവാഴയ്ക്ക് 24 രൂപ തറവില ഉണ്ടെന്ന് പറയുന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും കർഷകരെ ഉദ്യോഗസ്ഥർ അറിയിക്കുന്നില്ല. വിള ഇൻഷുർ ചെയ്യണമെന്നുപോലും ആർക്കും അറിയില്ല. എനിക്കുതന്നെ നേന്ത്രക്കുലകൾ വെട്ടാൻ പാകമായിട്ടുണ്ട്. വിലക്കുറവ് കാരണം തോട്ടത്തിലേക്ക് പോയിട്ടില്ല. എല്ലാകർഷകരും മനസ്സുമടുത്തിരിക്കുകയാണ്.

ബിനു നീറാക്കുളത്ത്

കോളേരി.പദ്ധതികൾ അറിയുന്നില്ല

സർക്കാരിന്റെ നല്ല പദ്ധതികൾപോലും ഉദ്യോഗസ്ഥ താത്പര്യത്താൽ കർഷകരിലേക്ക് എത്തുന്നില്ല. തറവില അതിന്റെ മികച്ച ഉദാഹരണമാണ്. ആദ്യവർഷം തറവിലയ്ക്ക് സംഭരണം നടന്നിരുന്നു. 19 രൂപ ആദ്യം തന്നു, പിന്നെ രണ്ടുരൂപ കമ്മിഷൻ ആണെന്നു പറഞ്ഞു പിടിച്ചു. ശേഷിക്കുന്ന തുക സബ്സിഡിയായും തന്നു. ഈവർഷം ഒന്നുമുണ്ടായില്ല.

എം.പി. ഷൈജു

നേന്ത്രവാഴ കർഷകൻ, കല്പറ്റ.