സുൽത്താൻബത്തേരി : കഞ്ചാവ് കേസിൽ പ്രതിയായിരുന്ന ആളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മാൻ കൊമ്പുകൾ, ആയുധങ്ങൾ, ചന്ദന കഷ്ണം എന്നിവ പിടികൂടി. മുത്തങ്ങ തകരപ്പാടിയിലെ കുറുവക്കോടൻ കെ.എം. ഷമീറിന്റെ വീട്ടിൽനിന്നാണ് ഇവ പിടികൂടിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം രൂപയുടെ നിരോധിച്ച ആയിരത്തിന്റെ നോട്ടും കണ്ടെടുത്തിട്ടുണ്ട്.
വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
എയർ ഗൺ, വിവിധതരം കത്തികൾ, 70 ഗ്രാം ചന്ദനം, മൂന്നു മാൻ കൊമ്പുകൾ തുടങ്ങിയവയാണ് പിടികൂടിയത്.
പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ ഷമീർ വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ സമീപത്തെ വനത്തിൽ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഷമീറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.