കല്പറ്റ : ജില്ലയിലെ 1119 കുടുംബങ്ങൾക്കുകൂടി സുരക്ഷിത ഭവനമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീൺ (പി.എം.എ.വൈ- ജി) പദ്ധതിയിലാണ് കുടുംബങ്ങൾക്ക് വീടൊരുങ്ങുന്നത്. 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെ 1119 കുടുംബങ്ങൾക്ക് ഭവനനിർമാണ സഹായധനത്തിന് അനുമതിലഭിച്ചു. ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്ക് നാലുലക്ഷം രൂപയും, പട്ടിക വർഗവിഭാഗത്തിന് ആറുലക്ഷം രൂപയുമാണ് വീട് നിർമാണത്തിനായി ലഭിക്കുക.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതിവിഹിതത്തിൽനിന്ന് 2.80 ലക്ഷം രൂപ എസ്.സി., ജനറൽ വിഭാഗത്തിനും 4.8 ലക്ഷം രൂപ എസ്.ടി. വിഭാഗത്തിനും ലഭിക്കും. പി.എം.എ.വൈ. (ജി) പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായി 1.20 ലക്ഷം രൂപയാണ് ഒരോ കുടുംബത്തിനും സഹായധനമായി ലഭിക്കുക. കരാറിലേർപ്പെട്ടാൽ ഉടൻതന്നെ ആദ്യഗഡു മുൻകൂറായി ലഭിക്കും. തുടർന്ന് നിർമാണത്തിന്റെ ഓരോഘട്ടം കഴിയുന്നതനുസരിച്ച് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക്‌ പി.എഫ്.എം.എസ്. മുഖേന തുക ലഭിക്കും.

ജീവനോപാധികളും അനുവദിക്കും

ഇതിനുപുറമേ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വീട് നിർമാണത്തിനായി ഒരോ കുടുംബത്തിനും 90 ദിവസത്തെ ജോലിയും സോക്കേജ് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണർ എന്നിവയും ജീവനോപാധികളായ ആട്ടിൻകൂട്, പശുത്തൊഴുത്ത്, കോഴിക്കൂട് എന്നിവയും അനുവദിക്കും. പി.എം.എ.വൈ. (ജി) പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി 2019-ൽ ആവാസ് ക്ലാസ് മൊബൈൽ ആപ്പ് വഴി സർവേ നടത്തി 22,721 പേരുടെ ഗുണഭോക്ത്യ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് മുൻഗണനാ പട്ടിക ഓൺലൈൻ സംവിധാനത്തിലുടെ തയ്യാറാക്കിയാണ് ഗ്രാമപ്പഞ്ചായത്തുകളുടെ അംഗീകാരം നേടിയത്.

ഗുണഭോക്താക്കളുടെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങി. ഈ സാമ്പത്തിക വർഷത്തിൽത്തന്നെ 1119 കുടുംബങ്ങൾക്കും വീട് നിർമിച്ചു നൽകുകയാണ് ലക്ഷ്യമെന്ന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. മജീദ് പറഞ്ഞു.