ഗൂഡല്ലൂർ : പച്ചത്തേയിലയ്ക്ക് മുപ്പതുരൂപ തറവില നിശ്ചയിക്കണമെന്ന് സി.പി.എം. നീലഗിരി ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നീലഗിരിയെ ലോകോത്തര നിലവാരമുള്ള ടൂറിസം കേന്ദ്രമായി മാറ്റുക, ഊട്ടിയിൽ ചെറുവിമാനത്താവളം നിർമിച്ച് അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് എത്തിച്ചേരാൻ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ജില്ലാ സെക്രട്ടറിയായി വി.എ. ഭാസ്‌കരനെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. എൽ. ശങ്കർ ലിങ്കം, എ. യോഹന്നാൻ, എം.എ. കുഞ്ഞുമുഹമ്മദ്, കെ. രാജൻ, ആർ. രമേഷ്, ഇ. വിനോദ്, കെ. സുന്ദരം, എ.ആർ. ആതിര എന്നിവരടങ്ങിയ ഒമ്പതംഗ ജില്ലാ സെക്രട്ടേറിയറ്റും 21 അംഗ ജില്ലാക്കമ്മിറ്റിയും രൂപവത്കരിച്ചു. അഞ്ചംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.

സമാപനസമ്മേളനം സംസ്ഥാന െസക്രട്ടേറിയറ്റംഗം ആർ. ബദ്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഡി. രവീന്ദ്രൻ, എൻ. വാസു, പി. രമേശ് എന്നിവർ സംസാരിച്ചു.