മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്ക് മാർച്ച് നടത്തി.

ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പെടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, പിരിച്ചു വിട്ട കോവിഡ് ബ്രിഗേഡ് ജീവനക്കാരുടെ റിസ്ക് അലവൻസ് അനുവദിക്കുക, താത്കാലിക ജീവനക്കാരുടെ വേതനം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. പ്രവർത്തകരെ ആശുപത്രി പ്രവേശനകവാടത്തിൽ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.

മുതിർന്ന കോൺഗ്രസ്‌ നേതാവ് സി. അബ്ദുൽ അഷ്‌റഫ്‌ ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. എ.എം. നിഷാന്ത്, ഏക്കണ്ടി മൊയ്തൂട്ടി, ജേക്കബ് സെബാസ്റ്റ്യൻ, മുസ്തഫ എറമ്പയിൽ, മുജീബ് കൊടിയോടൻ, ലേഖ രാജീവൻ, ഷിബു കെ. ജോർജ്, ജോയിസി ഷാജു തുടങ്ങിയവർ സംസാരിച്ചു.