വടുവൻചാൽ : ഏലച്ചെടികൾക്ക് തണ്ടുചീയൽ രോഗം പിടിപെട്ടതോടെ ജില്ലയിലെ ഏലക്കർഷകർ പ്രതിസന്ധിയിൽ. ഒക്ടോബർമാസത്തിൽ അപ്രതീക്ഷിതമായി പെയ്ത മഴയാണ് കർഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. അഴുകൽരോഗം ബാധിച്ച ചെടികളിൽ കായ പിടിക്കാത്തതിനാൽ ഉത്പാദനം കുറഞ്ഞതിന്റെ സങ്കടത്തിലാണ് കർഷകർ.

കാലംതെറ്റിപ്പെയ്ത മഴ വയനാട്ടിലെ ഏലക്കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അധികമഴ മറ്റുവിളകളേക്കാൾ ബാധിച്ചത് ഏലക്കൃഷിയെയാണ്. സാധാരണ കാര്യമായ മഴ പെയ്യാറില്ലാത്ത മാസമാണ് ഒക്ടോബറെങ്കിൽ ഇക്കുറി കാലാവസ്ഥ ചതിച്ചു. ഒക്ടോബർ മാസത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 76 ശതമാനം അധികമഴയാണ് വയനാട്ടിൽ പെയ്തത്. ഇതോടെ ഏലച്ചെടികൾക്ക് അഴുകൽരോഗം പിടിപെട്ടു. തണ്ടുകൾ മഞ്ഞനിറമായി ഇലകൾ കരിഞ്ഞ് ചെടി നശിക്കുകയാണിപ്പോൾ. മഞ്ഞനിറമായിമാറിയ ഏലച്ചെടികളിൽ കായ പിടിക്കാത്തതാണ് പ്രശ്നം. നന്നായി പൂവിട്ട ചെടികൾപോലും കായപിടിക്കുംമുമ്പ് ഉണങ്ങുകയാണ്.

രോഗംബാധിച്ച ചെടികളിൽ ഏലക്കായ വിളയുന്നില്ലെന്നതാണ് കർഷകരെ സങ്കടത്തിലാക്കുന്നത്. ജൈവരീതിയിൽ കൃഷിചെയ്യുന്ന കർഷകർ രോഗത്തെ പ്രതിരോധിക്കാനാകാതെ വിഷമിക്കുകയാണ്. രോഗം തടയാൻ ഏതുമരുന്നാണ് പ്രയോഗിക്കേണ്ടതെന്ന് ഒരുപിടിയും കിട്ടുന്നില്ലെന്ന് പതിറ്റാണ്ടുകളായി ഏലക്കൃഷിചെയ്യുന്ന കടച്ചിക്കുന്നിലെ വർക്കി പറയുന്നു. വില സ്ഥിരതയില്ലാത്തതിനാൽ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ പാടുപെടുമ്പോഴാണ് കാലാവസ്ഥ വില്ലനായത്.