ഗൂഡല്ലൂർ : സി.പി.എം. നീലഗിരി ജില്ലാ സമ്മേളനം പന്തല്ലൂർ പാരിഷ് ഹാളിലെ പി.തമിഴ്മണി-വി.ടി.ആർ നഗറിൽ തുടങ്ങി. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കൈവശഭൂമിക്ക്‌ പട്ടയം നൽകാമെന്ന തിരഞ്ഞെടുപ്പ് വാഗ്‌ദാനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാലിക്കണമെന്ന് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. 2010 ഒക്‌ടോബർ ഒമ്പതിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് വിഷയത്തിൽ സർക്കാർ തീർപ്പുകല്പിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.എൻ. ഗുണശേഖരൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ആർ. ഭദ്രി, മുതിർന്നനേതാവ് എൻ. വാസു, ജില്ലാസെക്രട്ടറി വി.എ. ഭാസ്കരൻ, എൽ. ശങ്കരലിങ്കം, വി.എ. യോഹന്നാൻ, എം.എ. കുഞ്ഞഹമ്മദ്, സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

രാവിലെ പന്തല്ലൂർ ടൗണിൽനിന്ന് സമ്മേളനനഗരിയിലുയർത്താനുള്ള കൊടി, കൊടിമരം, വിവിധ ദീപശിഖകൾ എന്നിവയുമായി സമ്മേളനപ്രതിനിധികൾ പ്രകടനമായി സമ്മേളനനഗരിയിലെത്തി. തുടർന്ന് പതാക ഉയർത്തി. നീലഗിരിയിലെ ആറ്്‌ ഏരിയകളിൽനിന്നായി 188 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.