മാനന്തവാടി : സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനമേധാവികളുടെയും വിവിധ വകുപ്പുമേധാവികളുടെയും യോഗം ചേർന്നു.

നഗരസഭ വിദ്യാഭ്യാസസമിതിയാണ് യോഗം വിളിച്ചുചേർത്തത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. സ്‌കൂൾപരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ സമിതി നിർദേശിച്ചു. സ്കൂൾ കിണറുകളിലെ ജലത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ നഗരസഭ നേരിട്ട് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. എല്ലാ സ്കൂളുകൾക്കും ഓരോ തെർമൽസ്കാനർ വീതം വാങ്ങിനൽകാനും സ്കൂൾ തുറക്കുന്നതിനുമുമ്പായി രക്ഷിതാക്കളുടെ അനുമതിയോടെ കുട്ടികൾക്ക് ഹോമിയോ പ്രതിരോധഗുളിക നൽകാൻ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതിയധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ പി.വി. ജോർജ്, സീമന്തിനി സുരേഷ്, ആസൂത്രണസമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ വി.ആർ. പ്രവീജ്, കെ.എം. അബ്ദുൾ ആസിഫ് തുടങ്ങിയവരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.