പൂക്കോട് : വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടർന്ന് കോളേജ് 31- വരെ അടച്ചു.

11 വിദ്യാർഥികൾക്കും നാലുജീവനക്കാർക്കുമാണ് വെള്ളിയാഴ്ച മുതൽ വയറുവേദനയും വയറിളക്കവുമുണ്ടായത്‌. വനിതാഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണം കണ്ടത്. വിദ്യാർഥികളെ വൈത്തിരി താലൂക്ക്‌ ആശുപത്രിയിലെത്തിച്ച്‌ രക്തസാംപിളുകൾ പരിശോധനക്കയച്ചു.

ആരോഗ്യവകുപ്പധികൃതർ സ്ഥലത്തെത്തി കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാംപിളുകളും പരിശോധനക്കയച്ചു. ആരെയും ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയിട്ടില്ല. സാംപിളുകളുടെ പരിശോധനാഫലം വന്നാലേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കോളേജിലെയും ഹോസ്‌റ്റലിലെയും കുടിവെള്ളസ്രോതസ്സുകൾ ശുചീകരിക്കാൻ നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.