കല്പറ്റ : മണിക്കുന്ന് ത്രിമൂർത്തി ക്ഷേത്രത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും വ്യാജപ്രചാരണങ്ങളും അവസാനിപ്പിക്കണമെന്ന് മണിക്കുന്നുമല ത്രിമൂർത്തിക്ഷേത്ര ആചാരസംരക്ഷണ സമിതി. വടകര കേന്ദ്രീകരിച്ചുള്ള ബ്രഹ്മജ്യോതി ട്രസ്റ്റിന്റെ പേരിലാണ് ചിലർ വ്യാജപ്രചാരണവും പണപ്പിരിവും നടത്തുന്നത്.

പ്രകൃതിസംരക്ഷണത്തിനും ആചാരങ്ങൾക്കും തുല്യപ്രാധാന്യം നൽകി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ക്ഷേത്രമാണ് മണിക്കുന്ന് ത്രിമൂർത്തി ക്ഷേത്രം. മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ മാത്രമാണ് ഇവിടെ പൂജ നടത്തുന്നത്. മറ്റു ദിവസങ്ങളിൽ പ്രവേശനമില്ല. ക്ഷേത്രം എച്ച്.ആർ.എൻ.സി.യുടെയും മലബാർ ദേവസ്വം ബോർഡിന്റെയും നിയന്ത്രണത്തിലും എം.ജെ. വിജയപത്മൻ പാരമ്പര്യട്രസ്റ്റിയായുമുള്ള ഭരണത്തിൻകീഴിലുമാണ്. ഇതിനിടെയാണ് ചിലർ ഈ വരുന്ന ദിവസം ക്ഷേത്രത്തിൽ അതിക്രമിച്ചുകടന്ന്‌ പൂജകൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഇത് ക്രിമിനൽക്കുറ്റവും സംഘർഷങ്ങൾക്ക് ഇടവരുത്തുന്ന വിഷയവുമാണ്. ഇവർക്കുനേരെ മലബാർ ദേവസ്വം ബോർഡ് കളക്ടർക്ക് പരാതി നൽകി.

ഭക്തജനങ്ങളും കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. അധികൃതർ മണിക്കുന്ന് മലയെയും ക്ഷേത്രത്തെയും സംരക്ഷിക്കണമെന്നും ആചാരസംരക്ഷണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ അഡ്വ. പി. ചാത്തുക്കുട്ടി, സി.പി. ബാലൻ, ചന്ദ്രശേഖരൻ തമ്പി, സുബ്രഹ്മണ്യസ്വാമി, വി.കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു.