മുട്ടിൽ : രാജ്യതലസ്ഥാനത്ത് സമരംചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ റാലിയിൽ ആവേശം അലതല്ലി. മാണ്ടാട് ടൗണിൽ നിന്ന് 1.15-ഓടെ റാലി തുടങ്ങുന്നതിനുമുമ്പുതന്നെ യു.ഡി.എഫ്. പ്രവർത്തകരും നാട്ടുകാരും കർഷകരുമെല്ലാം ഇവിടേക്കൊഴുകിയെത്തി.
നൂറോളം ട്രാക്ടറുകളെ നയിച്ച് രാഹുൽ ഗാന്ധി റാലിക്ക് നേതൃത്വം നൽകിയതോടെ ആവേശം വാനോളമായി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ കൺവീനർ എൻ.ഡി. അപ്പച്ചൻ തുടങ്ങിയവർ രാഹുൽ ഗാന്ധി ഒാടിച്ച ട്രാക്ടറിലും മറ്റു നേതാക്കൾ പിന്നാലെ വന്ന ട്രാക്ടറുകളിലും ഇടംപിടിച്ചു. നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലും കാൽനടയായും റാലിക്കൊപ്പം മുദ്രാവാക്യങ്ങളുമായി അണിനിരന്നു. വഴിയോരങ്ങളിൽ നിറയെ അഭിവാദ്യങ്ങളും പിന്തുണയുമായി നാട്ടുകാരും തടിച്ചുകൂടി.
മുട്ടിൽ ടൗൺ എത്താറായപ്പോൾ ഡബ്ല്യു.എം.ഒ. സ്കൂളിലെ കുട്ടികളും ആരവങ്ങളോടെ രാഹുലിനെ വരവേറ്റു. സ്കൂളിനു സമീപം ട്രാക്ടർ നിർത്തിയ രാഹുൽ ഒരു ചെറിയ കുട്ടിയെ ട്രാക്ടറിലേക്ക് കയറ്റി കൂടെയിരുത്തിയതും കാഴ്ചക്കാർക്ക് ആവേശമായി. മുട്ടിൽ ടൗണിൽ റാലിയെത്തുമ്പോഴേക്കും ആവേശം പരകോടിയിലെത്തിയിരുന്നു. ടൗണിൽ ചേർന്ന പൊതുസമ്മേളനത്തിൽ കാർഷിക നിയമത്തെയും നരേന്ദ്രമോദി സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. പൊതുസമ്മേളനത്തിൽ യു.ഡി.എഫ്. ജില്ലാ കൺവീനർ പി.പി.എ. കരീം അധ്യക്ഷതവഹിച്ചു. കെ.സി. വേണുഗോപാൽ എം.പി., ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., എൻ.ഡി. അപ്പച്ചൻ, കെ.കെ. അബ്രഹാം, പി.പി. ആലി, സംഷാദ് മരക്കാർ, റസാഖ് കല്പറ്റ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
ബഫർ സോൺ; സംസ്ഥാനം നിലപാട് മാറ്റണം
:കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനമുന്നയിച്ച രാഹുൽ വയനാട് പരിസ്ഥിതി ലോല വിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരേയും വിമർശനമുന്നയിച്ചു.
വയനാട് വന്യജീവി സങ്കേതത്തിനുചുറ്റുമുള്ള ജനവാസ മേഖലകൾ പരിസ്ഥിതി ലോല മേഖലയാക്കിയത് ജനജീവിതത്തിൽ വലിയ പ്രയാസമുണ്ടാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ പ്രശ്നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാർലമെന്റിലും ഇക്കാര്യമുന്നയിച്ചു. കേരള സർക്കാർ ശുപാർശ ചെയ്തതു പ്രകാരമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
ഇത് ഞെട്ടിക്കുന്ന കാര്യമാണ്. ബഫർസോൺ നിലവിൽ വരുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി കേരള സർക്കാർ നിലപാട് മാറ്റാൻ തയ്യാറാവണം. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. കേരളം നിലപാടുമാറ്റിയാൽ തങ്ങളുടെ നിലപാട് മാറ്റാമെന്ന് കേന്ദ്രസർക്കാർ സൂചന നൽകിയിട്ടുണ്ട്. വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും അനുകമ്പാപൂർവമായ നടപടികൾ വേണം. ഈ പ്രശ്നം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.