മുട്ടിൽ : കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഹുൽ ഗാന്ധി എം.പി. ജില്ലയിൽ നടത്തിയ ട്രാക്ടർ റാലിയിൽ നിന്ന് കർഷക കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നു. കാർഷികവിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ ട്രാക്ടർ റാലിയിൽനിന്ന് കർഷക കോൺഗ്രസിനെ ജില്ലയിലെ ചില നേതാക്കൾ അകറ്റിനിർത്തുകയായിരുന്നെന്നാണ് ആരോപണം ഉയരുന്നത്. കർഷകരുടെ സമരത്തിനുപോലും കോൺഗ്രസ് കർഷക സംഘടനയെ ഉൾപ്പെടുത്താൻ തയ്യാറായിട്ടില്ല. രാഹുൽ ഗാന്ധിയെ കരുവാക്കി ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തികഞ്ഞ അവഗണന നേരിടേണ്ടിവന്നതിനാലാണ് ട്രാക്ടർ റാലിയിൽനിന്ന് വിട്ടുനിന്നതെന്ന് നേതാക്കൾ പറഞ്ഞു.
കർഷക കോൺഗ്രസിനെ അവഗണിച്ചുകൊണ്ട് ചില വ്യക്തികൾ നടത്തുന്ന കർഷകർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ പാർട്ടിയെ തകർക്കാനേ ഉപകരിക്കുകയുള്ളു. അങ്ങനെയുള്ളവരുടെ താത്പര്യങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും തിരഞ്ഞെടുപ്പിൽ പരാജയത്തിനും കാരണമാകുമെന്ന് നേതാക്കൾ പറഞ്ഞു.
യു.ഡി.എഫിലെ ഘടക കക്ഷികളും തങ്ങളെ അവഗണിച്ചെന്ന് പരാതി ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾക്ക് മാത്രമാണ് വേദിയിൽ പ്രാധാന്യം ലഭിച്ചതെന്നും മറ്റുള്ളവരെ അവഗണിച്ചെന്നുമാണ് പരാതി ഉയരുന്നത്. നേരത്തേയും തങ്ങൾക്ക് യു.ഡി.എഫ്. വേദികളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ഡി.സി.സി. പ്രസിഡന്റിനെതന്നെ അറിയിച്ചിരുന്നു. എന്നിട്ടും പരിഹാരമുണ്ടായില്ലെന്നാണ് നേതാക്കളുടെ പരാതി.