കുന്ദമംഗലം : ആരും വാങ്ങാത്തതിനാൽ കറന്ന 12 ലിറ്ററോളം പാൽ വീട്ടമ്മ ദിവസവും പറമ്പിലൊഴുക്കിക്കളയുന്നു. ചെത്തുകടവ് മള്ളത്തൊടികയിൽ ലീലയ്ക്കാണ് ഈ ദുരനുഭവം. മകന് കോവിഡ് ബാധിച്ചതാണ് പ്രശ്നമായത്. നേരത്തേ 22 ലിറ്റർ പാലാണ് ഇവർ കറന്നെടുത്തിരുന്നത്. ആവശ്യക്കാർക്ക് കൊടുത്തശേഷം ബാക്കിപാൽ കുന്ദമംഗലം ക്ഷീരോത്പാദകസംഘത്തിന് കൊടുക്കും. എന്നാൽ, മകന് കോവിഡ് ബാധിച്ചതോടെ പാൽ വിൽപ്പന നിലച്ചു. ഒപ്പം അറുപത്തിരണ്ടുകാരിയുടെ വരുമാനവും.

മകന് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ലീല ഇപ്പോൾ അടുത്തുള്ള രണ്ടാമത്തെ മകന്റെ വീട്ടിലേക്ക് താമസം മാറി. ക്വാറന്റീനിലായതോടെയാണ് ആളുകളും സംഘവും പാൽ വാങ്ങാതായത്. കറക്കാതിരുന്നാൽ പശുവിന്‌ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ ഇവർ ദിവസവും പശുവിനെ കറക്കും. സ്വന്തം ആവശ്യങ്ങൾക്ക് കരുതിയശേഷം ബാക്കി പാൽ ഒഴുക്കിക്കളയുകയാണിപ്പോൾ.

വലിയ നഷ്ടമാണ് ഇതുകൊണ്ടുണ്ടാകുന്നതെന്ന് വീട്ടമ്മ പറയുന്നു. മാത്രമല്ല, ആവശ്യമായ തീറ്റ വാങ്ങി നൽകാൻ സാധിക്കാത്തതിനാൽ ഇപ്പോൾ കറവയും കുറഞ്ഞു. അതേസമയം, ക്വാറന്റീൻ കഴിഞ്ഞ് പരിശോധനഫലം നെഗറ്റീവാണെന്ന് ഹെൽത്ത് ഇൻസ്പെക്ടറും വാർഡംഗവും സാക്ഷ്യപ്പെടുത്തിയ രേഖകൾ നൽകിയാൽ പാലെടുക്കുന്നതിൽ തടസ്സമില്ലെന്ന് കുന്ദമംഗലം ക്ഷീരോത്പാദസംഘം ഭാരവാഹികൾ അറിയിച്ചു.