സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടത്തോടെ മറ്റുഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. ബത്തേരി ഡിപ്പോയിലുള്ള എട്ട് സൂപ്പർ ഫാസ്റ്റ് ബസുകളാണ് ഉടൻ മറ്റു ഡിപ്പോകളിലേക്ക് മാറ്റാൻ നിർദേശം വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് സാങ്കേതികവിഭാഗം ജനറൽ മാനേജർ ഉത്തരവിറക്കിയിട്ടുള്ളത്.

ഈ നീക്കത്തിനെതിരേ ജീവനക്കാരുടെ സംഘടനകളും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നിലവിൽ 22-ഓളം സൂപ്പർ ഫാസ്റ്റ് ബസുകളാണ് ബത്തേരി ഡിപ്പോയിലുള്ളത്. ഇതിൽതന്നെ കാലപ്പഴക്കംചെന്ന ബസുകളുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, പിറവം, കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവിടെനിന്ന് സൂപ്പർ ഫാസ്റ്റ് ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തിയിരുന്നത്. ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കുമടക്കമുള്ള അന്തർ സംസ്ഥാന സർവീസുകൾക്കും സൂപ്പർ ഫാസ്റ്റ് ബസ് ഉപയോഗിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അന്തർസംസ്ഥാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സർവീസുകൾ പുനരാരംഭിച്ചാൽ സൂപ്പർ ഫാസ്റ്റ് ബസുകളുടെ കുറവ് ഗുരുതരമായി ബാധിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. സാങ്കേതികവിഭാഗം ജനറൽമാനേജരുടെ ഉത്തരവ് പ്രകാരം മറ്റു ഡിപ്പോകളിൽനിന്ന് ഒരു സൂപ്പർ ഡഡീലക്സ് ബസും രണ്ടു സൂപ്പർ എക്സ്പ്രസ് ബസും ബത്തേരി ഡിപ്പോയിലേക്ക് അനുവദിച്ചിട്ടുണ്ട്.

ബസുകൾ വിട്ടുകൊടുക്കരുത്

ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് ഐ.എൻ.ടി.യു.സി. യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കുടിയേറ്റ മേഖലയായ വയനാടിനോടുള്ള അവഹേളനമാണ് ഈ നടപടി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് യൂണിറ്റ് കമ്മിറ്റി നിവേദനം നൽകി. ഒ.കെ. ശശീന്ദ്രൻ, വി.ആർ. സുനിൽ, ബാബുരാജ് കടവത്ത്, പി.എസ്. റോണി, പി. അജയകുമാർ, കെ.ഡി. തോമസ് തുടങ്ങിയവർ സംസാരിച്ചു.