ചുള്ളിയോട് : ബത്തേരി-താളൂർ അന്തസ്സംസ്ഥാന പാതയോരത്തെ വൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാലപ്പഴക്കത്താൽ ദ്രവിച്ചതും ചുവട് ചിതലരിച്ചതുമായ ഒട്ടേറെ മരങ്ങളാണ് ഈ പാതയിൽ ഭീഷണിയുയർത്തുന്നത്. കഴിഞ്ഞദിവസം ഒരു കൂറ്റൻമാവ് കടപുഴകിവീണപ്പോൾ അപകടം വഴിമാറിയത് ഭാഗ്യംകൊണ്ടുമാത്രമാണ്. ശക്തമായ മഴയുള്ളപ്പോൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുകയാണ് പ്രദേശവാസികൾ.

അപകടം തൊട്ടരികെമംഗലംകാപ്പുമുതൽ അഞ്ചാംമൈൽ വരെയുള്ള ഭാഗത്താണ് വൻമരങ്ങൾ അപകടക്കെണിയാവുന്നത്. റോഡിനിരുവശവും പടർന്നു പന്തലിച്ച മരങ്ങൾ മിക്കതിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലങ്ങളായി പാതയുടെ നവീകരണം തടസ്സപ്പെടുത്തുന്ന മരങ്ങൾ മഴക്കാലത്താണ് ഏറെ ദുരിതം വിതക്കുന്നത്. കൊമ്പുകൾ അടർന്നുവീണും മരങ്ങൾ കടപുഴകിയുമുണ്ടായ സംഭവങ്ങളിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ശക്തമായ കാറ്റിൽ കഴിഞ്ഞദിവസം ഒരു കൂറ്റൻമാവ് കടപുഴകിവീണു. തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞതിനാൽ ആളപായമുണ്ടായില്ല. എതിർവശത്ത് സെയ്ന്റ് തോമസ് സ്കൂളും നാല് വീടുകളുമുണ്ട്. തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക് ഈ സംഭവത്തിന്റെ ഞെട്ടൽ ഇതുവരെ വിട്ടുമാറിയിട്ടില്ല.

ഉത്തരവുകൾ കടലാസിലൊതുങ്ങികെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പടെ സദാസമയവും വാഹനങ്ങൾ പോകുന്ന വഴിയാണ്. വേനൽമഴയിൽ മരത്തിന്റെ വലിയൊരു കൊമ്പ് റോഡിന് നടുവിൽവീണു. അന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണ്. കഴിഞ്ഞവർഷം മരത്തിന്റെ ചില്ലവീണ് സമീപത്തെ കടയ്ക്ക് കേടുപറ്റിയിരുന്നു. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും മരംമുറിക്കാൻ നടപടിയുണ്ടായില്ല. അപകടഭീഷണിയായ മരങ്ങൾ മുറിച്ചുനീക്കാൻ കളക്ടർ ഉത്തരവിട്ടെങ്കിലും താളൂർ പാതയിലേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ബത്തേരി-താളൂർ പാതയോരത്തെ കൂറ്റൻ മരങ്ങൾ