കല്പറ്റ : ജില്ലയിൽ സഹകരണമേഖലയിൽ ആധുനിക സംവിധാനങ്ങളോടെ അച്ചടിശാല തുടങ്ങുന്നു. പനമരം, കണിയാമ്പറ്റ, പൂതാടി, പുല്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ പ്രവർത്തനപരിധിയായി രൂപവത്കരിച്ച പനമരം ബ്ലോക്ക് സഹ്യ പ്രിന്റിങ് വർക്കേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീസ് സൊസൈറ്റിയാണ് അച്ചടിശാല തുടങ്ങുന്നത്. 1000 രൂപ മുഖവിലയുള്ള ഓഹരിവിൽപ്പനയിലൂടെ മൂലധനം സമാഹരിച്ചാണ് അച്ചടിശാല തുടങ്ങുന്നതെന്ന് സൊസൈറ്റി പ്രമോട്ടർമാരായ ഒ.പി. ശങ്കരൻ, വി.കെ. ശശിധരൻ, ബീന സജി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓർഡറുകൾ സ്വീകരിക്കുന്നതിന് അഞ്ച് പഞ്ചായത്തുകേന്ദ്രങ്ങളിൽ ഓഫീസ് തുറക്കും. അഞ്ചുവർഷത്തിനകം പൂർണതോതിൽ പ്രവർത്തിക്കും. സൊസൈറ്റി ഓഫീസ് ശനിയാഴ്ച കണിയാമ്പറ്റയിൽ പ്രവർത്തനം തുടങ്ങും. കണിയാമ്പറ്റ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിക്കും. ഓഹരിവിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്യും. ആദ്യ ഓഹരി കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തംഗം രോഷ്മ രമേഷ് സ്വീകരിക്കും.