വൈത്തിരി : വയനാടിന്റെ കവാടമായ ലക്കിടി കഞ്ചാവ് - ലഹരി ലോബിയുടെ ജില്ലയിലെ പ്രധാന താവളമാകുന്നു. കഞ്ചാവിനൊപ്പം പുതുതലമുറ ലഹരിവസ്തുക്കളായ എം.ഡി.എം.എ., എൽ.എസ്.ഡി., ബ്രൗൺഷുഗർ തുടങ്ങിയവയുടെ ഉപയോഗവും വിൽപ്പനയും മേഖലയിൽ സജീവമാണ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിവിതരണ സംഘങ്ങൾ ലക്കിടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണെന്നാണ് പ്രദേശവാസികളും പോലീസും പറയുന്നത്. ഒരു വർഷത്തിനിടെ ചെറുതും വലുതുമായ അമ്പത് കേസുകളാണ് വൈത്തിരി സ്റ്റേഷനിൽമാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കിലോക്കണക്കിന് കഞ്ചാവും വലിയ അളവിൽ എം.ഡി.എം.എയും കണ്ടെത്തിയ കേസുകളും ഇതിലുൾപ്പെടും. കോട്ടനാട് കൊലപാതകക്കേസിലെ പ്രതി ഉൾപ്പെടെയുള്ള സംഘവും പ്രദേശത്തുനിന്ന് മൂന്നു കിലോയിലധികം കഞ്ചാവുമായി പിടിയിലായിരുന്നു.
കുറച്ചുകാലമായി ലക്കിടിയിലും വൈത്തിരി മേഖലയിലും ആവർത്തിക്കുന്ന വാഹനാപകടങ്ങൾക്കു പിന്നിലും ലഹരി ഉപയോഗംതന്നെയാണ് വില്ലനെന്ന് പോലീസ് പറയുന്നു. വാഹനാപകടങ്ങളിൽ ഗുരുതര പരിക്കേറ്റതും മരിച്ചവരുമായ പലരുടെയും
കൈയിൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ലഹരിയുടെ ഉന്മാദത്തിലാണ് രാത്രി വൈകിയും പലരും ബൈക്കിൽ കറങ്ങുന്നത്. അതിനാൽതന്നെ വാഹനത്തിനുമേലുള്ള നിയന്ത്രണം പാളി അപകടത്തിനിടയാവുന്നു.
കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് ലോബി എത്തുന്നത്. കോളേജ് ഹോസ്റ്റലിലും വിദ്യാർഥികൾ താമസിക്കുന്ന സ്ഥലങ്ങളിലുമെല്ലാം ലഹരിവസ്തുക്കൾ എത്തിക്കുന്നുണ്ട്. കഞ്ചാവിനും എം.ഡി.എം.എക്കുമാണ് ആവശ്യക്കാരേറെ. മുന്പ് വേദനസംഹാരികളും മനോരോഗത്തിനുള്ള മരുന്നുകളുമെല്ലാം യുവാക്കൾ ലഹരിക്കായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോൾ താത്പര്യമില്ല. സ്ഥിരം ഉപയോഗത്തിന് കഞ്ചാവും വിശേഷാവസരങ്ങളിലേക്ക് എം.ഡി.എം.എയും മതിയെന്നാണ് ഇവരുടെ നിലപാട്. വിലക്കുമായെത്തുന്ന അധ്യാപകർക്കും നാട്ടുകാർക്കും നേരേ സംഘടിതമായ ആക്രമണങ്ങളുണ്ടാവുന്നതും പതിവായിട്ടുണ്ട്. വിദ്യാർഥികൾ വഴിയാണ് പ്രദേശവാസികളായ ചെറുപ്പക്കാർ ലഹരി വലയത്തിൽപ്പെടുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സജീവമായി രണ്ടു സംഘങ്ങൾ
മേപ്പാടിയും പൊഴുതനയും കേന്ദ്രീകരിച്ചുള്ള രണ്ടു സംഘങ്ങളാണ് പ്രദേശത്ത് ലഹരിവസ്തുക്കളെത്തിക്കുന്നത്. മംഗലാപുരത്തുനിന്ന് വൻതോതിൽ ലഹരിയെത്തിക്കുന്ന ഇവർ വയനാട്ടിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും ഇവ വിതരണം ചെയ്യുന്നു. ഉൾവനത്തിൽ ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
ഇവർ തമ്മിലുള്ള കലഹങ്ങളെത്തുടർന്ന് പരസ്പരം ലഹരി കടത്തുന്ന വിവരം ചോർത്തുമ്പോഴാണ് വലിയ അളവ് ലഹരിയുത്പന്നങ്ങൾ പിടികൂടാൻ പോലീസിനും എക്സൈസിനും കഴിയുന്നത്. പതിവുപരിശോധനകളിൽ സ്റ്റാമ്പ് രൂപത്തിൽ എത്തുന്ന ലഹരിവസ്തുക്കൾ കണ്ടെത്താനും തിരിച്ചറിയാനും ബുദ്ധിമുട്ടുന്നുണ്ട്. ചില്ലറ വിൽപ്പനയ്ക്കെത്തുന്നവർ ചെറിയ അളവിൽ മാത്രം കഞ്ചാവ് കൈവശം വെച്ച് സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യം നേടി പുറത്തിറങ്ങും.
പ്രധാനസംഘങ്ങൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നവരും വിൽപ്പനയ്ക്ക് തയ്യാറാവുന്നുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ലഹരി ഉപയോഗിക്കാനും വിൽപ്പനയ്ക്കും ഇറങ്ങുന്നതായും പോലീസ് പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവതി സജീവമായി വിൽപ്പനയ്ക്കുണ്ട്. ലഹരി വിൽപ്പനയ്ക്കൊപ്പം മറ്റ് അതിക്രമങ്ങളിലേക്കുകൂടി സംഘങ്ങൾ കടക്കുന്നെന്ന സൂചനയും പോലീസിനുണ്ട്. ഇരുചക്രവാഹനമോഷണം, ചെറിയ ക്വട്ടേഷൻ എന്നിവയിലേക്കാണ് ഇവരിറങ്ങുന്നത്.
ഇനി ഊന്നൽ പ്രാദേശിക ബോധവത്കരണത്തിന്
പ്രാദേശികമായുള്ള ജനകീയ ബോധവത്കരണത്തിലൂടെ ലഹരിവിൽപ്പനയ്ക്കും ഉപയോഗത്തിനും തടയിടാനാണ് പോലീസിന്റെയും നാട്ടുകാരുടെയും ശ്രമം. പൊഴുതന കേന്ദ്രീകരിച്ച് മുമ്പ് പൗരാവലിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. പോലീസും ബോധവത്കരണവുമായി വൈത്തിരി, ചുണ്ടേൽ, ലക്കിടി, പൊഴുതന ഭാഗങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ വീണ്ടും ബോധവത്കരണ പ്രവർത്തനങ്ങളുമായി സജീവമാകാനാണ് പോലീസ് ശ്രമം. പഞ്ചായത്തുകളും പിന്തുണ അറിയിച്ചിട്ടുണ്ട്.