മേപ്പാടി : കോവിഡ് കാലത്ത് മൃതദേഹങ്ങൾ സംസ്കരിച്ചും കോവിഡ് കേന്ദ്രങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തും കരുതലൊരുക്കിയ പൾസ് എമർജൻസി ടീം ഇനി ദുരന്തമേഖലയിലും രക്ഷകരാകും.

കുന്നിൻ ചെരിവുകളിലും പാറമടക്കുകളിലും ഇതിനുള്ള തീവ്ര പരിശീലനത്തിലാണ് ടീമംഗങ്ങൾ. 2019-ലെ പ്രളയകാലത്താണ് വയനാട് ആസ്ഥാനമായി പൾസ് എമർജൻസി ടീം രൂപവത്കരിച്ചത്. പ്രകൃതി ദുരന്തമുണ്ടായ പുത്തുമലയിലും ബാണാസുരസാഗറിന്റെ കൈവഴികളിലും സേവനത്തിന് പൾസ് പ്രവർത്തകരെത്തി. വയനാട്ടിലെ സന്നദ്ധ സംഘടനകളുടെ നോഡൽ ഏജൻസിയാണ്.

300 അംഗങ്ങളുള്ള സംഘടനയ്ക്ക് 16 യൂണിറ്റുകളാണുള്ളത്. 15 എണ്ണം ജില്ലയിലും ഒരെണ്ണം ചേരമ്പാടിയിലുമാണ് പ്രവർത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പൾസ് എമർജൻസി ടീമിന് കീഴിലെ എമർജൻസി റെസ്പോൻസ് ടീമിൽ 120 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവരിൽനിന്ന് തിരഞ്ഞെടുത്ത 40 അംഗങ്ങൾക്കാണ് ദുരന്തമേഖലയിൽ രക്ഷാദൗത്യം നിർവഹിക്കുന്നതിനുള്ള പരിശീലനം നൽകുന്നത്.

കല്പറ്റ സ്വദേശിയും സെർച്ച് ആൻഡ് റെസ്ക്യൂ ട്രെയ്നറുമായ മുബീർഷായും ആനന്ദ് പാലപ്പറ്റയുമാണ് പരിശീലകർ. സ്കൂബാ ഡൈവിങ്ങടക്കം ദുരന്തസ്ഥലത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് വരെയുള്ള പരിശീലനങ്ങളിൽ ടീമംഗങ്ങൾ ഏർപ്പെട്ടിട്ടുണ്ട്.

ജില്ലയിലെ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരിക്കുന്നതിന് പൾസ് എമർജൻസി ടീം മറ്റ് സംഘടനകളുമായി കൈകോർക്കും. മേപ്പാടി സ്വദേശി അഹമ്മദ് ബഷീറാണ് സംഘടനയുടെ പ്രസിഡന്റ്. സലീം കല്പറ്റയാണ് ജനറൽ സെക്രട്ടറി.