ഗൂഡല്ലൂർ : നീലഗിരിയിൽ 99.5 ശതമാനം പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ജില്ലാഭരണകൂടം. കോവിഡ് ബാധിതരായി 90 ദിവസം പൂർത്തിയാക്കാത്തവർ മാത്രമാണ് ഇനി ജില്ലയിൽ വാക്സിനേഷന്റെ ആദ്യഡോസ് സ്വീകരിക്കാത്തതെന്ന് കളക്ടർ ജെ. ഇന്നസെന്റ് ദിവ്യ പറഞ്ഞു. രണ്ടാംഘട്ട വാക്സിനേഷനും നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്.

എല്ലാ ഞായറാഴ്ചകളിലും ക്യാമ്പുകൾ നടത്തി വാക്സിൻ നൽകുന്നുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും വാക്സിനേഷൻ ക്യാമ്പുകൾ സജ്ജമാക്കുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ ദിനംപ്രതിയെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിവരുകയാണ്.

കോവിഡ് വ്യാപിക്കാനുള്ള സാഹചര്യം മുൻകൂട്ടിക്കണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാവർക്കും വാക്സിൻ നല്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആദിവാസിവിഭാഗങ്ങൾക്ക് പ്രത്യേകക്യാമ്പുകൾ വഴി വാക്സിനേഷൻ നൽകുന്നത് പുരോഗമിക്കുകയാണ്.

തകർന്ന റോഡുകൾ എം.എൽ.എ. സന്ദർശിച്ചു

ഗൂഡല്ലൂർ : കനത്ത മഴപെയ്ത ഒവാലി പഞ്ചായത്തിൽ തകർന്ന റോഡുകൾ എം.എൽ.എ. സന്ദർശിച്ചു. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് പൊൻജയശീലൻ എം.എൽ.എ. സന്ദർശിച്ചത്.

ഒവാലി പഞ്ചായത്തിലെ ധർമഗിരി- മുള്ളൈനഗർ റോഡ്, ചെളിവയൽ-ധർമഗിരി എന്നീ പ്രധാന റോഡുകൾ അടിയന്തരമായി നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് എം.എൽ.എ. ഉറപ്പുനൽകി. എ.ഐ.എ.ഡി.എം.കെ. നേതാക്കളായ എ. ജയരാജ്, എൻ. കൺമണി എന്നിവർ എം.എൽ.എ.ക്കൊപ്പമുണ്ടായിരുന്നു.