പുല്പള്ളി : കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് സഹായവുമായി പുല്പള്ളി ഗ്രാമപ്പഞ്ചായത്ത്. പാൽ ഉത്പാദനം ഉപജീവനമാർഗമാക്കിയ ചെറുകിട ക്ഷീരകർഷകർക്ക് നൂറുകിലോ കാലിത്തീറ്റ വീതം പകുതി വിലയ്ക്ക് വിതരണംചെയ്യും. ഗ്രാമപ്പഞ്ചായത്ത് എട്ടുലക്ഷം രൂപയോളം വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

300 ക്ഷീര കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകിയായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടുമാസത്തേക്കാണ് പദ്ധതി ഉദ്ദേശിക്കുന്നതെങ്കിലും, നാലു മാസത്തോളം തുടരാനിടയുണ്ട്. ഒരു മാസത്തേക്ക് 50 കിലോ വീതമുള്ള രണ്ടു ചാക്ക് തീറ്റയാണ് നൽകുക. ഇതിൽ ഒരു ചാക്കിന്റെ വില അടയ്ക്കണം. കാലിത്തീറ്റ പുല്പള്ളി മൃഗാശുപത്രി മുഖേനയാണ് വിതരണംചെയ്യുക. ഗുണഭോക്താക്കൾ നിലവിൽ ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്നവരും ഒന്നു മുതൽ മൂന്നു പശുക്കൾവരെ ഉള്ളവരുമായിരിക്കണം. ഈ വർഷമോ, കഴിഞ്ഞ വർഷമോ സമാനമായ ആനുകൂല്യം ലഭിച്ചവർക്ക് കിട്ടില്ല.