മാനന്തവാടി : വെള്ളമുണ്ട അൽകരാമ ഡയാലിസിസ് സെന്ററിന്റെ കാരുണ്യപദ്ധതികളുടെ പ്രഖ്യാപനം 21-ന് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സൗജന്യമായി ദിവസവും 38 രോഗികളെയാണ് ജനങ്ങളുടെ സഹകരണത്തോടെ ഇവിടെ ഡയാലിസിസിന് വിധേയമാക്കുന്നത്.

ഡയാലിസിസിന് പുറമെ രോഗികൾക്കുള്ള ലാബ് പരിശോധനയും ആവശ്യമെങ്കിൽ മരുന്നുംമറ്റും നൽകാറുണ്ട്. അൽകരാമ ബഹ്‌റൈൻ ചാപ്റ്ററിന് പുറമെ പ്രവാസികൾ, സൗഹൃദക്കൂട്ടായ്മ, കുടുംബശ്രീ, വാട്‌സാപ്പ് കൂട്ടായ്മ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നടത്തിപ്പിനുള്ള തുക കണ്ടെത്തുന്നത്.

ഒരുദിവസത്തെ ഡയാലിസിസിന്‌ മാത്രം കാൽലക്ഷത്തിലധികം രൂപയാണ് ചെലവ് വരുന്നത്. മൂന്നാം വർഷത്തിൽ പ്രതിദിനം 58 രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള ഒരുക്കത്തിലാണ്. ഇതിനായി വൃക്ക രോഗികൾക്ക് കുടുംബശ്രീയുടെ കാരുണ്യഹസ്തം എന്ന പദ്ധതിക്ക് തുടക്കമിടും. കൈപ്പാണി ഇബ്രാഹിം, പി. ആലിക്കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.