നൂറ്റാണ്ടുകളുടെ പെരുമയും രുചിയുമുള്ള വയനാടിന്റെ നെല്ലറയിൽ 62 ഇനം തനത് നെൽവിത്തുകളുണ്ടെന്നാണ് കണ്ടെത്തിയത്. കൃഷിവകുപ്പ്, കേരള കാർഷിക സർവകലാശാല, അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം, കൃഷിവിജ്ഞാനകേന്ദ്രം, കാസർകോട് പീലിക്കോട്ടെ പ്രാദേശിക കാർഷികഗവേഷണകേന്ദ്രം എന്നിവയുടെ സർവേയിലാണ് അമൂല്യമായ 62 തരം പരമ്പരാഗത നെൽവിത്തുകൾ ഇവിടെയുള്ളതായി കണ്ടെത്തിയത്. പഴയകാലം മുതലുള്ള ഇരുനൂറോളം ഇനങ്ങളിൽനിന്നാണ് ഇതെങ്കിലും അവശേഷിക്കുന്നത്.

പാരമ്പര്യമായി കൃഷിയെ ഇന്നും പരിപാലിക്കുന്ന കുറിച്യ, കുറുമ ആദിവാസി സമുദായങ്ങൾക്കിടയിലാണ് ഭൂരിപക്ഷം വിത്തുകളും സംരക്ഷിക്കപ്പെട്ടത്. നെല്ലിനങ്ങൾ, വിളസമയം, വിളദൈർഘ്യം പിന്തുടരുന്ന കൃഷിരീതികൾ, ഒരേക്കറിലെ ശരാശരി നെല്ലുത്പാദനം, വൈക്കോലിന്റെ ഉയരം, ഏക്കറിൽ ശരാശരി വൈക്കോലുത്പാദനം, നെന്മണികളുടെ നിറം, നെല്ലുസംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി, നെല്ലിനത്തിന്റെ ഉപയോഗങ്ങൾ, അരിയുടെ ഉപയോഗരീതി, കീടരോഗ, ആക്രമണത്തെ ചെറുക്കാനുളള കഴിവ്, കന്നുകാലി തീറ്റയ്ക്ക് വൈക്കോലിന്റെ ഗുണമേന്മ തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.

62 ഇനങ്ങൾ കൃഷിചെയ്യുന്ന പ്രദേശങ്ങളെകുറിച്ചും അവ സംരക്ഷിക്കുന്ന കർഷകരെകുറിച്ചും ഡയറക്ടറിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ വിത്തുകളിലേക്കുള്ള കർഷകരുടെ കൂടുമാറ്റം വെളിയൻ, ചോമാല, ചേറ്റുവെളിയൻ, തൊണ്ടി, പാൽത്തൊണ്ടി, ഉരുണിക്കയമ, ജീരകശാല, കല്ലടിയാരൻ എന്നിങ്ങനെയുള്ള വയനാടിന്റെ സ്വന്തം വിത്തിനങ്ങളെയും ബാധിച്ചു. ഇപ്പോൾ ചുരുക്കം കർഷകരിൽ വെളിയൻ, ചോമാല, ഗന്ധകശാല എന്നിവമാത്രമാണ് ശേഷിക്കുന്നത്.