കല്പറ്റ : ജില്ലയിൽ തിങ്കളാഴ്ച വരെ കോവിഡ് വാക്സിൻ സ്വീകരിച്ചത് 1780 ആരോഗ്യപ്രവർത്തകർ. വാക്സിൻ സ്വീകരിച്ചതിന് ശേഷം 17 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. പനി, ശരീരവേദന തുടങ്ങിയ ബുദ്ധിമുട്ടുകളാണ് ഇവർക്ക് അനുഭവപ്പെട്ടത്. ആർക്കും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല.
ബുധനാഴ്ചവരെ ജില്ലയിൽ ഉദ്ദേശിച്ചതിന്റെ 85 ശതമാനം പേർ വാക്സിൻ സ്വീകരിച്ചതായാണ് കണക്കുകൾ. ഏറ്റവുമധികം ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചത് കുറുക്കൻമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്.
95.35 ശതമാനം വാക്സിനേഷൻ ഇവിടെ നടന്നു. ഏറ്റവും കുറവ് മാനന്തവാടി ജില്ലാശുപത്രിയിലും. 64 ശതമാനമാണ് ഇവിടത്തെ കണക്ക്. വാക്സിൻ നൽകുന്നതിൽനിന്ന് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ക്വാറന്റീനിൽ കഴിയുന്നവർ, കോവിഡ് ബാധിച്ചവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ഇവർക്കുപകരം കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാക്സിനേഷൻ കേന്ദ്രത്തിന് പരിസരത്തുള്ള മറ്റ് ആരോഗ്യപ്രവർത്തകരെ പരിഗണിക്കും.
കോവിൻ ആപ്പിലെ സാങ്കേതിക തകരാർ കാരണം കുത്തിവെപ്പെടുക്കുന്നത് വൈകുന്നതായി മറ്റു ജില്ലകളിൽനിന്ന് പരാതികൾ ഉയർന്നിരുന്നു. ജില്ലയിൽ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മറുപടി സന്ദേശമയക്കാൻ സാധിക്കാത്ത വിഷയമുണ്ടായിരുന്നു. എന്നാൽ, ഇത് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനെ വൈകിപ്പിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ജില്ലയിൽ കോവിൻ ആപ്പു വഴി വിവരം നൽകുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരെ ഫോണിൽ വിളിച്ചും കുത്തിവെപ്പെടുക്കേണ്ട കാര്യങ്ങൾ അറിയിക്കുന്നുണ്ട്.
അതിനാൽ സമയബന്ധിതമായി വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജ് ഉൾപ്പെടെ ഒന്പതു കേന്ദ്രങ്ങളിലാണ് കുത്തിവെപ്പെടുക്കുന്നത്.
കുത്തിവെപ്പെടുക്കുന്നവരെ അരമണിക്കൂർ നിരീക്ഷിച്ചതിനുശേഷം മാത്രമാണ് പുറത്തുവിടുന്നത്. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള അവശതകൾ അനുഭവപ്പെട്ടാൽ ചികിത്സിക്കുന്നതിനായി പ്രത്യേകസംഘം ഡോക്ടർമാരും ആംബുലൻസ്, വെന്റിലേറ്റർ അടക്കമുള്ള കിടത്തി ചികിത്സാ സൗകര്യങ്ങളും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
ആർക്കും ഗുരുതര പാർശ്വഫലങ്ങളില്ല
ജില്ലയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പുരോഗമിക്കുകയാണ്. ആർക്കും ഗുരുതര പാർശ്വഫലങ്ങളില്ല. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് വാക്സിൻ സ്വീകരിക്കുന്നതിന് ഇതുവരെ വിലക്കില്ല.
ഡോ. ആർ. രേണുക
ഡി.എം.ഒ. വയനാട്