പനമരം : ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡ് ചീരവയലിലെ വൈദ്യുതി ൈലൻ താഴ്ന്നുകിടന്നതുകാരണമുള്ള അപകടഭീഷണി കെ.എസ്.ഇ.ബി. പരിഹരിച്ചു. ആവശ്യത്തിന് തൂണുകൾ സ്ഥാപിച്ചും താഴ്ന്നുകിടക്കുന്ന കമ്പികൾ ഉയർത്തിയുമാണ് വൈദ്യുതി വിതരണം സുഗമമാക്കിയത്. പ്രദേശത്തെ വൈദ്യുത കമ്പികൾ താഴ്ന്നു കിടന്നതു കാരണം തോട്ടങ്ങളിൽ പണിയെടുക്കാൻ ആളുകൾ ഭയന്നിരുന്നു.

താഴ്ന്നു കിടക്കുന്ന കമ്പികളിൽ തട്ടി ഷോക്കേൽക്കുമോയെന്ന പേടിയിലാണ് ആളുകൾ ഇതിലൂടെ കടന്നുപോയിക്കൊണ്ടിരുന്നത്. ഇക്കാര്യം മാതൃഭൂമി നേരത്തെ വാർത്ത നൽകിയിരുന്നു. വാർത്തകളെത്തുടർന്നാണ് നടപടി. പനമരം കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് അധികൃതർ സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.

വൈദ്യുതിത്തകരാർ പരിഹരിച്ചതിനെത്തുടർന്ന് പനമരം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും പ്രദേശവാസികൾ അഭിനന്ദിച്ചു. യോഗത്തിൽ ജോഷി ജെയിംസ്, ദേവസ്യ പുതുപറമ്പിൽ, ജോയി പുതിയാപറമ്പിൽ, ജോസഫ് മാനുവൽ, ജോർജുകുട്ടി പുതുക്കളത്തിൽ, മേരി പുതിയാപറമ്പിൽ, ഗ്രേസി ജോർജ്, ഷെൽമി ഫിലിപ്, ലിൻസി ജോഷി എന്നിവർ സംസാരിച്ചു.