കല്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിൽ റെക്കോഡ് പോളിങ്. 80. 08 ശതമാനമാണ് ചൊവ്വാഴ്ച അവസാനം വിവരം കിട്ടുമ്പോൾ രേഖപ്പെടുത്തിയത്. സമീപകാല തിരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്ത വിധമാണ് വയനാട്ടിലെ വോട്ടർമാർ പോളിങ്ങ് ബൂത്തുകളിലെത്തിയത്.

2009 ൽ 74.71 ശതമാനവും 2014 ൽ 73.29 ശതമാനവുമാണ് വയനാട് മണ്ഡലത്തിൽ രേഖപ്പെടുത്തിയ പോളിങ്. ആദ്യതവണ 1,53,439 വോട്ടിനും രണ്ടാംവട്ടം 20,870 വോട്ടിനും കോൺഗ്രസിലെ എം.ഐ. ഷാനവാസ് ജയിച്ചു.

മണ്ഡലം നിലവിൽവന്നശേഷമുള്ള മൂന്നാമങ്കത്തിൽ രാഹുലിന്റെ വരവ് യു.ഡി.എഫ് അണികളിലുണ്ടാക്കിയ ആവേശവും ആ വരവിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കച്ചകെട്ടിയിറങ്ങിയ ഇടതുപക്ഷത്തിന്റെ പ്രവർത്തനവും മണ്ഡലത്തിൽ ഇതുവരെയില്ലാത്ത ആവേശമാണ് സൃഷ്ടിച്ചത്. എൻ.ഡി.എ. സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളി എത്തിയതോടെ അവരുടെ ക്യാമ്പും ഉണർന്നു. ദേശീയ, സംസ്ഥാന നേതാക്കളും ദേശീയമാധ്യമങ്ങളും തമ്പടിച്ചതോടെ ആകാശംമുട്ടിയ ആവേശം വോട്ടർമാരിലും പ്രതിഫലിച്ചു. പതിവില്ലാത്തവിധം എല്ലാ ബൂത്തുകളിലും പുലർച്ചെമുതൽതന്നെ വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ടു. ദിവസംമുഴുവൻ ആ തിരക്ക് ബൂത്തുകളിലെല്ലാം തുടർന്നു. ഇടയ്ക് ചിലയിടങ്ങളിൽ കനത്തമഴ പെയ്‌തെങ്കിലും വോട്ടർമാരുടെ ആവേശത്തെ ബാധിച്ചില്ല. രാത്രി വൈകിയും ചില ബൂത്തുകളിൽ ഒട്ടേറെപ്പേർ വോട്ടുചെയ്യാനായി കാത്തുനിന്നു. ചീങ്ങേരിയിൽ രാത്രി എട്ടുമണിക്കുശേഷവും ഒട്ടേറെപ്പേർ വരിയിലുണ്ടായിരുന്നു.

ആദ്യ അഞ്ചുമണിക്കൂറിൽത്തന്നെ സംസ്ഥാന ശരാശരിക്കു മുകളിലായിരുന്നു പോളിങ്. 12 മണിക്ക് 33.49 ശതമാനം പോളിങ് രേഖപ്പെടുത്തി. വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, മാനന്തവാടി, കല്പറ്റ മണ്ഡലങ്ങളിലാണ് രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയത്. തുടക്കത്തിൽ മന്ദഗതിയിലായിരുന്ന മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ, കോഴിക്കോട്ടെ തിരുവമ്പാടി എന്നിവിടങ്ങളിൽ ഉച്ചയ്കുശേഷമാണ് ശതമാനം ഉയരാൻ തുടങ്ങിയത്.

ഒരു മണിക്ക് 45.67 ശതമാനം രേഖപ്പെടുത്തിയ പോളിങ് രണ്ടുമണിയോടെ 50 ശതമാനം കടന്നു. യു.ഡി.എഫ്. സ്വാധീനമേഖലയായ സുൽത്താൻബത്തേരി മണ്ഡലം തന്നെയായിരുന്നു ഈ സമയത്തൊക്കെ മുന്നിൽ. മൂന്നുമണിയോടെ 60 ശതമാനവും അഞ്ചുമണിയോടെ 70 ശതമാനവും കടന്നു. ഈ സമയത്താണ് നേരത്തേ മന്ദഗതിയിലായിരുന്ന മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ പോളിങ്ങിന് വേഗം കൂടിയത്.

ഒമ്പതുമണിവരെ 79.87 ശതമാനം

രാത്രി ഒമ്പതുവരെ 10,84,558 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 79.87 ശതമാനം. മണ്ഡലത്തിലെ ആകെ 13,57,819 വോട്ടർമാരിൽ 6,73,011 പേർ പുരുഷന്മാരും 6,84,807 പേർ സ്ത്രീകളുമാണ്. ഇതിൽ 5,25,948 പുരുഷന്മാരും 5,58,610 സ്ത്രീകളുമാണ് ഒമ്പതുവരെയുള്ള കണക്ക് പ്രകാരം വോട്ടുചെയ്തത്. വയനാട്ടിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും തിരുവമ്പാടി, ഏറനാട് മണ്ഡലങ്ങളിലും 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ 81.77 ശതമാനം. കുറവ് വണ്ടൂർ മണ്ഡലത്തിലാണ് 77.35.

മണ്ഡലത്തിലെ വോട്ടർമാരിൽ 5,94,177 പേർ ജില്ലയിൽനിന്നും 7,63,642 പേർ തിരുവമ്പാടി, വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയോജകമണ്ഡലത്തിൽ നിന്നുമാണ്. ഇരുപത് സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്. ആകെ 1311 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ഏറ്റവുംകൂടുതൽ ബത്തേരി നിയോജകമണ്ഡലത്തിലായിരുന്നു. 215 എണ്ണം

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനം

നിയമസഭാ മണ്ഡലം 2014 2016

മാനന്തവാടി 72.13 77.3

ബത്തേരി 71.32 78.55

കല്പറ്റ 72.53 78.75

തിരുവമ്പാടി 75.33 80.42

ഏറനാട് 78.08 81.4

നിലമ്പൂർ 72.83 78.67

വണ്ടൂർ 72.3 74.01

Content Highlights: 2019 Loksabha Elections Record Polling in Wayanad