കോഴിക്കോട് : ജില്ലയിൽ വരൾച്ചാസാധ്യത ഇല്ലാതാക്കുന്നവിധം അധിക വേനൽമഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ. ഈവർഷം മാർച്ച് ഒന്നുമുതൽ ഏപ്രിൽ 18 വരെ 36 ശതമാനം അധികമഴയാണ് കോഴിക്കോട്ട് പെയ്തത്. സീസണിൽ സാധാരണയായി ലഭിക്കുന്നത് ശരാശരി 62.4 മില്ലീമീറ്റർ മഴയാണ്. ഇത്തവണ 84.9 മില്ലീമീറ്റർ മഴ കിട്ടി. വേനൽമഴ തുടരാൻ സാധ്യതയുള്ളപ്പോൾ കടുത്ത വരൾച്ചയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കോഴിക്കോടിന്റെ തൊട്ടടുത്ത ജില്ലകളായ കണ്ണൂരിൽ 55 ശതമാനവും (65.9 എം.എം.) വയനാട്ടിൽ 50 ശതമാനവും (98.2 എം.എം.) അധിക മഴയുണ്ടായപ്പോൾ മലപ്പുറത്ത് ഒമ്പതുശതമാനം മാത്രമാണ് (75.9 എം.എം.) കൂടുതലായി മഴ കിട്ടിയത്. സംസ്ഥാനത്ത് മൊത്തം വേനൽമഴ 44 ശതമാനം (131.6) അധികമാണ്. ലക്ഷദ്വീപിൽ 62 ശതമാനം (54.4 എം.എം.) കൂടുതൽ മഴയുണ്ടായി.

തീരപ്രദേശങ്ങളെ അപേക്ഷിച്ച് മലയോരമേഖലയിലാണ് ജില്ലയിൽ കൂടുതലായി മഴപെയ്തത്. മഴയോടൊപ്പം പലപ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായി. കാർഷികവിളകൾക്കും കെട്ടിടങ്ങൾക്കും വലിയ നാശത്തിനും ഇത് ഇടയാക്കി. വാഴ, നെല്ല് തുടങ്ങിയ വിളകൾക്കാണ് കൂടുതൽ നാശം നേരിട്ടത്. കുലച്ച വാഴകൾ കാറ്റിൽ നിലംപതിച്ചത് കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. തെങ്ങുകളുൾപ്പെടെ മരങ്ങൾ കടപുഴകി വീടുകൾക്കും പല സ്ഥലങ്ങളിലും വ്യാപക നാശമുണ്ടായി.

വേനൽമഴ മേയ് അവസാനംവരെ തുടരാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് കാലാവസ്ഥാപ്രവചനം. തീരപ്രദേശങ്ങളിലും ഇടനാട്ടിലും പുലർച്ചെയും രാവിലെയും മഴയുണ്ടാവും. മേയിലും ശരാശരിയെക്കാൾ കൂടുതൽ വേനൽമഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ മൺസൂൺ കാലവർഷവും കനക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിൽ ശരാശരി മഴ പ്രതീക്ഷിക്കുമ്പോൾ സംസ്ഥാനത്ത് അധികമഴ ലഭിച്ചേക്കും. കാലവർഷം സംസ്ഥാനത്ത് എന്നെത്തുമെന്ന് മേയ് അവസാനത്തോടെയേ വ്യക്തമാവൂ.