കാട്ടിക്കുളം: പ്രളയം കർണാടക അതിർത്തിഗ്രാമമായ മച്ചൂരിനെയും മുക്കിക്കളഞ്ഞിരുന്നു. അതിനുശേഷം കോവിഡും പ്രതിസന്ധിയായി. മുടങ്ങാതെ രണ്ടുതവണ കൃഷിചെയ്തിരുന്ന വയലുകളിൽ അങ്ങനെ ഒരു കൃഷിക്കാലം വലിയ നഷ്ടങ്ങളുടേതായി.

വയനാട്ടിൽ ആർത്തലച്ചുപെയ്ത മഴയിൽ കരകവിഞ്ഞുവന്ന കബനിയാണ് കാടിന് നടുവിലെ മച്ചൂരിലെ പാടങ്ങളെയും കവർന്നെടുത്തത്. ഇതിനെയെല്ലാം മറികടന്നാണ് മച്ചൂരിലെ പുഞ്ചപ്പാടങ്ങൾ നഷ്ടങ്ങളെ അതിജീവിക്കാൻ വീണ്ടും പച്ചപ്പണിയുന്നത്.

വേനലിലും കബനി കനിയുന്ന വെള്ളമാണ് ഈ കൃഷിയിടങ്ങളിൽ നനവെത്തിക്കുന്നത്. കബനിക്ക് ഇക്കരെ വയനാട്ടിലെ വയലുകൾ വരണ്ടുണങ്ങി തരിശുനിലങ്ങളായി മാറുമ്പോൾ ഈ പച്ചപ്പിന്റെ കാഴ്ചകൾ കുളിരേകുന്നു. വയലുകളുടെ കാഴ്ചകൾ ചുരുക്കി വയനാട് മരുവത്കരിക്കപ്പെടുമ്പോൾ അതിർത്തി കടന്നുള്ള കന്നടഗ്രാമങ്ങൾ പച്ചപ്പുകൾ കാത്തുവെക്കുന്നു.

പരമ്പരാഗതമായി കുടുംബങ്ങളൊന്നാകെ കൃഷിയിലേർപ്പെടുന്നവരാണ് മാറിയ കാലത്തിലും ഈ വയലുകളെ ഇന്നും നിലനിർത്തുന്നത്. ലാഭവും നഷ്ടവുമല്ല ഇവർക്ക് കൃഷി ജീവിതമാണ്. കൊടുംവരൾച്ചയും മഴയുടെ കുറവുമെല്ലാമുണ്ടെങ്കിലും കബനി തന്നെയാണ് ഇവരുടെ കൃഷിയിടത്തിന് എന്നും നനവ് പകർന്നിട്ടുള്ളത്. ബൈരക്കുപ്പയുടെ കടവ് കടന്നാൽ മച്ചൂർ ഗ്രാമമായി. നോ​െക്കത്താദൂരത്തോളം ഇവിടെ നെല്ല് തഴച്ചുവളരുകയാണ്.

വയനാട്ടിൽ ഞാറ് പറിച്ചു നാട്ടിത്തുടങ്ങുമ്പോൾ ഇവിടെ നെല്ല് പകുതി വളർച്ചയെത്തിയ കാഴ്ച കാണാം. ചുരുക്കം ചില കർഷകർമാത്രം വയനാടിന്റെ വയൽപ്പണിക്ക് സമാനമായി കൃഷിചെയ്യുന്നതും പതിവാണ്.

ഭൂരിഭാഗം കർഷകരും നിത്യ ​ ച്ചെലവിനായാണ് നെൽക്കൃഷി ചെയ്യുന്നത്. വിപണിയിൽ വിൽക്കാനൊന്നും ഇവർക്ക് താത്പര്യമില്ല. ഇവിടെ ഒരോ തുണ്ട് വയലിന്റെയും വില ചെറുതല്ല. നെൽക്കൃഷി കൊയ്ത്തുകഴിഞ്ഞാൽ പച്ചക്കറിയുടെ കാലമായി. രാസവളങ്ങൾ പേരിനുമാത്രം.

കന്നുകാലിക്കൂട്ടങ്ങളില്ലാത്ത ഒറ്റവീടുപോലും ഇവിടെയില്ല. ചാണകവും പച്ചിലവളങ്ങളും യഥേഷ്ടംവിതറുന്ന കൃഷിയിടത്തിലാകട്ടെ സാമാന്യം തരക്കേടില്ലാത്ത വിളവും നെൽക്കൃഷിയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് ഇവിടുത്തെ കർഷകർ പറയുന്നു.

ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങൾ

രാജീവ് ഗാന്ധി ദേശീയോദ്യാനം രൂപപ്പെടുത്തിയപ്പോൾ ഇതിന്റെ ഒരു കോണിലേക്ക് കേരള അതിർത്തിയിൽ ഒറ്റപ്പെട്ടുപോയതാണ് മച്ചൂർ ബൈരക്കുപ്പ ഗുണ്ടറ ഗ്രാമങ്ങൾ. കരഭൂമിയേക്കാൾ വയലുകളാണ് ഇവിടെ കൂടുതലുള്ളത്. പൊതുവേ ജനസംഖ്യ കുറവാണെങ്കിലും വയലുകൾ നികത്തി വീട് വെക്കുന്ന രീതി ഇവിടെ കുറവാണ്. ഗൗഡവിഭാഗക്കാരും തേൻകുറുമരടങ്ങിയ ആദിവാസികളുമാണ് ഇവിടെ ഏറെയുള്ളത്.

ഏറെക്കാലം മുമ്പ് വനംവകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയാണ് ഇവരുടെ ജീവിതത്തിനാധാരം. ഇവർക്കിടയിൽ പാട്ടം യഥാസമയം പുതുക്കാത്ത നിരവധി ആദിവാസി കുടുംബങ്ങളുമുണ്ട്. ഇവരെ കാട്ടിനുള്ളിൽനിന്നും പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതികൾക്കും കർണാടക സർക്കാർ തുടക്കമിട്ടു. കൃഷി നിലനിർത്താൻ സർക്കാർ വെള്ളമെത്തിക്കും. ഇടവിട്ടുള്ള പമ്പ് ഹൗസുകൾ ഏതുസീസണിലും പ്രവർത്തനക്ഷമമാണ്. നാഗർഹോള കടുവസങ്കേതം വന്നതു മുതൽ ഏതുസമയവും ഇവിടെനിന്നും മാറിപ്പോകേണ്ടിവരുമെന്ന ഭീഷണി ഇവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ഈ കൃഷിയിടങ്ങൾ എക്കാലവും സ്വന്തമെന്ന് പറയാൻതന്നെയാണ് ഇവർക്കിഷ്ടം.

റേഷൻ കടവഴി ആളൊന്നിന് നാലുകിലോ അരിയും രണ്ടുകിലോ ഗോതമ്പ്, മുത്താറി എന്നിവയും ഒരുലിറ്റർ പാമോയിലും ഒരുകിലോ ഉപ്പും ഇവർക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അരിയും മുത്താറിയുമെല്ലാം കൃഷി ചെയ്യുന്നതിൽനിന്നും ഇവർ പിൻവാങ്ങുന്നില്ല.

പഴയ നെൽവിത്തുകളായ ചോമലയെല്ലാം ഈ ഗ്രാമത്തിൽ ഇപ്പോഴും പരിപാലിക്കുകയാണ് കർഷകർ. പുതിയ വിത്തിനങ്ങളിലേക്ക് ചിലർ മാത്രമാണ് ഇതിനിടയിൽ ചേക്കേറിയത്. ചെറുകിട കർഷകരാണ് എല്ലാവരുമെങ്കിലും കൂട്ടുകൃഷിയുടെ മറ്റൊരു വിജയഗാഥകൂടിയാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.

ഏവരുടെയും സൗകര്യം നോക്കി വിത്തുവിതയ്ക്കുകയും കൊയ്തുമെതിക്കുകയുംചെയ്യുന്ന കാർഷിക സംസ്കാരംകൂടിയാണ് ഇവർ കാലങ്ങളായി സൂക്ഷിക്കുന്നത്. വന്യമൃഗങ്ങളോട് പൊരുതിയാണ് ജീവിതമെങ്കിലും പ്രതിഷേധങ്ങളില്ല. കാരണം വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ ഗ്രാമം എന്ന യാഥാർഥ്യം ഇവർ ഉൾക്കൊള്ളുകയാണ്.