മാനന്തവാടി : ജില്ലയിൽ കുരങ്ങുപനി (ക്യാസനോർ ഫോറസ്റ്റ് ഡിസീസ്) രോഗലക്ഷണങ്ങളോടെ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി അപ്പപ്പാറ കാരമാട് കോളനിയിലെ 15 വയസ്സുകാരനാണ് രോഗലക്ഷണങ്ങളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞദിവസങ്ങളിൽ ഉൾവനത്തിൽ പോയസംഘത്തിലുൾപ്പെട്ടതാണ് വിദ്യാർഥി. ശരീരത്തിൽ ചെള്ളുകടിയേറ്റ പാടുമുണ്ട്. കുരങ്ങുപനിയുടെ എല്ലാ ലക്ഷണങ്ങളും വിദ്യാർഥിക്കുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രക്തസാംപിൾ പരിശോധനയ്ക്കായി സുൽത്താൻബത്തേരിയിലെ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധനഫലം വന്നാൽ മാത്രമേ കുരുങ്ങുപനിയാണെന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളു. കടുത്ത പനിയെത്തുടർന്നാണ് കുട്ടിയെ കഴിഞ്ഞ ദിവസം അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് മേപ്പാടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലുള്ള കുട്ടിയുൾപ്പെടെ ഒമ്പതു പേരാണ് ഉൾവനത്തിൽ പോയത്. സംഘത്തിലെ എട്ടുപേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംഘത്തിലെ ഭൂരിഭാഗം പേരുടെ ശരീരത്തിലും ചെള്ളുകടിയേറ്റ പാടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞവർഷം കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലൊന്നാണ് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധി. മുൻവർഷങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പനിയും മറ്റ് ലക്ഷണങ്ങളുമുള്ളവരും ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണമെന്നും എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. വനത്തിൽ പോകുന്നവരോട് ലേപനം പുരട്ടണമെന്നും കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് ഇതുവരെ സ്വീകരിക്കാത്തവർ അത് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ വർഷം ഇതുവരെ നാലുപേർക്ക്: രോഗം ബാധിച്ചത് ഉൾവനത്തിൽപോയവർക്ക്

:ഈ വർഷം ഇതുവരെ തിരുനെല്ലി പഞ്ചായത്തിൽ നാലുപേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വനംവകുപ്പ് വാച്ചർമാരാണ്. ഉൾവനത്തിൽ പോയവർക്കാണ് ഇത്തവണ രോഗം ബാധിച്ചത്. കഴിഞ്ഞവർഷം വനത്തോടുചേർന്ന് താമസിക്കുന്നവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇത്തവണ ജനവാസകേന്ദ്രങ്ങളിലൊന്നും കുരങ്ങിനെ ചത്തനിലയിൽ കണ്ടെത്തിയിട്ടില്ല. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 29 പേർക്കാണ് കഴിഞ്ഞവർഷം രോഗം ബാധിച്ചത്. മൂന്നു പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പരിധിയിലായിരുന്നു കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. അപ്പപ്പാറ, മണ്ണുണ്ടി കോളനി, ബേഗൂർ കോളനി, നാരങ്ങാക്കുന്ന് കോളനി, കാട്ടിക്കുളം രണ്ടാംഗേറ്റ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ആരോഗ്യവകുപ്പ് കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. വനമേഖലയിൽ താമസിക്കുന്നവർക്ക് ഇപ്പോഴും കുത്തിവെപ്പ് നൽകുന്നുണ്ട്. കുരങ്ങുപനി നേരത്തേ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനായി ബേഗൂരിലും ചേലൂരിലും ഈ വർഷവും കൺട്രോൾ റൂമുകൾ തുറന്നിരുന്നു.

രോഗലക്ഷണങ്ങൾ

കുരങ്ങിൽനിന്നുള്ള ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്കെത്തുന്നത്. രോഗബാധിതരായ കുരങ്ങുമായും അവയുള്ള പരിസരങ്ങളിലെ സമ്പർക്കം വഴിയും രോഗം മനുഷ്യരിലെത്താം. വിറയലോടു കൂടിയ പനി, തലവേദന, വയറിളക്കം, ഛർദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഉള്ള എല്ലാവർക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടണം.

മുൻകരുതലെടുക്കാം

വനത്തിനുള്ളിൽ പോകുമ്പോൾ ദേഹം മുഴുവൻ മൂടുന്നതരത്തിലുള്ള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെള്ള് കയറാത്തവിധത്തിൽ ഗംബൂട്ട് ധരിക്കുക.

ചെള്ളിനെ അകറ്റി നിർത്തുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക.

വനത്തിൽ പോയിട്ടുള്ളവർ തിരിച്ചുവന്ന ഉടൻ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പുവരുത്തുക. വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകുക.

ശരീരത്തിൽ ചെള്ള് കയറിയാൽ ചെള്ളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകണം. ആശുപത്രിയിൽ ചികിത്സ തേടണം.