കല്പറ്റ : മകനെ പോലീസ് അകാരണമായി മർദിച്ചെന്നാരോപിച്ച് അച്ഛൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കുപ്പാടിത്തറ കുറുമണി മടയംകോട് വീട്ടിൽ പ്രതാപനാണ് മകൻ അഭിജിത്തിനെ (18) പോലീസ് മർദിച്ചെന്നാരോപിച്ച് പരാതി നൽകിയത്. കഴിഞ്ഞ 14-നാണ് സംഭവം. വൈകീട്ട് കൂട്ടുകാരോടൊപ്പം കുറുമണിയിലെ പുഴയിൽ കുളിക്കാൻപോയ അഭിജിത്തിനെ കമ്പളക്കാട് പോലീസ് പിടിച്ച് മർദിച്ചുവെന്നാണ് പരാതി.

വൈകീട്ട് അഞ്ചോടെയാണ് മകനെ പോലീസ് പിടിച്ച കാര്യം ഫോണിലൂടെ വിളിച്ചറിയിച്ചതെന്ന് പ്രതാപൻ പറയുന്നു. താൻ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും പോലീസ് മകനുമായി സ്റ്റേഷനിലേക്ക് പോയി. മകൻ പറഞ്ഞതു പ്രകാരം അവന്റെയും തന്റെയും ആധാർകാർഡുമായി സ്റ്റേഷനിലെത്തിയെന്നും എന്നാൽ സ്റ്റേഷനകത്തേക്ക് കയറാൻ പോലീസ് അനുവദിച്ചില്ലെന്നും പ്രതാപൻ പറഞ്ഞു. ആറേമുക്കാലോടെ അഭിജിത്തിനെ തനിക്കൊപ്പം വിട്ടു.

പിറ്റേദിവസം വൈകീട്ട് മകൻ കൈ തിരുമ്മുന്നത് കണ്ടതിനെ തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് പോലീസ് മർദിച്ച കാര്യം പറയുന്നത്.

ജീപ്പിൽവെച്ച് പോലീസുകാർ മർദിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ സി.ഐ. പി. വിഷ്ണു മകന്റെ കൈവിരലുകൾ മടക്കി വേദനിപ്പിച്ചെന്നും പോലീസ് മർദിച്ചതുകാരണം മകന് ദേഹമാസകലം വേദനയാണെന്നും പ്രതാപൻ പരാതിയിൽ പറയുന്നു. 16-ന് മകനെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് മർദനത്തിൽ ചെവിക്കും കൈയ്ക്കും അടിവയറ്റിലും വേദനയുള്ളതായി അഭിജിത്ത് പറഞ്ഞു.

യാതൊരു കാരണവുമില്ലാതെയാണ് മകനെ പോലീസ് മർദിച്ചതെന്നും കമ്പളക്കാട് സി.ഐ.യുടെയും മറ്റു പോലീസുകാരുടെയും പേരിൽ നടപടി എടുക്കണമെന്നു ആവശ്യപ്പെട്ടാണ് പ്രതാപന്റെ പരാതി. വൈത്തിരി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ വിദ്യാർഥിയാണ് അഭിജിത്ത്. പഠനത്തോടൊപ്പം കാഞ്ഞിരങ്ങാട്ടെ റിസോർട്ടിൽ അഭിജിത്ത് ജോലിയും ചെയ്യുന്നുണ്ട്. സംഭവദിവസമാണ് അഭിജിത്ത് വീട്ടിലെത്തിയതെന്നും പ്രതാപൻ പറഞ്ഞു.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അഭിജിത്തിനെ ചോദ്യം ചെയ്യുകമാത്രമാണുണ്ടായതെന്നും മർദിച്ചുവെന്ന ആരോപണം ശരിയല്ലെന്നും കമ്പളക്കാട് സി.ഐ. പി. വിഷ്ണു പറഞ്ഞു.

ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായവരിൽ ഒരാൾ അഭിജിത്തിന്റെ ബന്ധുവാണ്. സംഭവദിവസം ഇയാൾ അഭിജിത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ അഭിജിത്തിന് ബൈക്ക് മോഷണക്കേസിൽ പങ്കില്ലെന്ന് വ്യക്തമായതിനാൽ രക്ഷിതാവിനൊപ്പം വിട്ടയയ്ക്കുകയാണ് ചെയ്തതെന്നും സി.ഐ. പറഞ്ഞു.