സുൽത്താൻബത്തേരി : മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് പോലീസ് പുതിയ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. പട്ടയഭൂമിയിലെ സർക്കാരിൽ നിക്ഷിപ്തമായ ഈട്ടിമരങ്ങൾ മുറിച്ചതിന് ഏഴു സ്ഥലമുടമകളുടെ പേരിലാണ് മീനങ്ങാടി പോലീസ് കേസെടുത്തിട്ടുള്ളത്. മുട്ടിൽ മരംകൊള്ളയിൽ ഉൾപ്പെട്ടതാണ് ഈ പുതിയ കേസും. മുട്ടിൽ സൗത്ത് വില്ലേജിലുൾപ്പെടുന്ന വാഴവറ്റ മേഖലയിൽ നിന്നാണ് മരം മുറിച്ചത്. മുറിച്ചിട്ട ഈട്ടിമരങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

മുമ്പു നടത്തിയ അന്വേഷണത്തിൽ ഈ മരംമുറിയെക്കുറിച്ച് കണ്ടെത്തിയിരുന്നെങ്കിലും സ്ഥലത്തിന്റെ രേഖകൾ ലഭിക്കുന്നതിനും ഇത് സർക്കാരിലേക്ക് നിക്ഷിപ്തമായ മരങ്ങളാണോ എന്ന് കണ്ടെത്തുന്നതിനും താമസംനേരിട്ടതിനാലാണ്, നിയമ നടപടികൾ വൈകിയത്. മേപ്പാടി റെയ്ഞ്ച് ഓഫീസർ എം.കെ. സമീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. മോഷണക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മരംമുറിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രതിപ്പട്ടിക അന്തിമമായിട്ടില്ലെന്നും അന്വേഷണത്തിന് നേതൃത്വംനൽകുന്ന ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നി പറഞ്ഞു.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് മീനങ്ങാടി പോലീസ് മോഷണത്തിന് മറ്റൊരു കേസെടുത്തിരുന്നു. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരടക്കം 68 പേരെ പ്രതിചേർത്താണ് കേസെടുത്തിട്ടുള്ളത്.

സർക്കാരിൽ നിക്ഷിപ്തമായ മരങ്ങൾ മോഷണം പോയെന്ന ഡെപ്യൂട്ടി തഹസിൽദാരുടെ പരാതിയിലാണ് ഈ കേസെടുത്തത്. മരം വിറ്റ ഭൂമിയുടെ ഉടമസ്ഥരും മരം മുറിക്കാൻ കരാർ എടുത്തവരും തൊഴിലാളികളുമെല്ലാം പ്രതികളിൽ ഉൾപ്പെടുന്നു. മരംമുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദിവാസികളടക്കമുള്ളവരുടെ ഭൂമിയിൽനിന്ന് മരം മുറിച്ചുകടത്തിയത്.

പുത്തൻകുന്ന് മരംമുറിയിലും കേസെടുത്തു

പുത്തൻകുന്നിലെ പട്ടയഭൂമിയിൽനിന്ന് തേക്ക് തടികൾ മുറിച്ച സംഭവത്തിൽ ബത്തേരി പോലീസ് കേസെടുത്തു. ബത്തേരി അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവന്റെ പരാതിയിൽ സ്ഥലമുടമ കൊടുവള്ളി സ്വദേശി പുത്തൻവീട്ടിൽ ഷാഹുൽ ഹമീദിന്റെ പേരിലാണ് കേസെടുത്തിട്ടുള്ളത്. മോഷണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

നൂൽപ്പുഴ വില്ലേജിലെ ബ്ലോക്ക് 33-ലെ സർവേ നമ്പർ 74/6-ൽപ്പെടുന്ന പുരയിടത്തിൽനിന്ന് അറുപതോളം തേക്ക് മരങ്ങളാണ് മുറിച്ചത്. പറമ്പിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ 192 തേക്കിൻകഷ്ണങ്ങൾ റവന്യൂവകുപ്പ് ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. 18.753 ക്യുബിക് മീറ്റർ മരമുണ്ടെന്നാണ് കണക്കാക്കുന്നത്. പട്ടയഭൂമിയിൽനിന്ന് അനധികൃതമായി മരംമുറിച്ചതിന് റവന്യൂ വകുപ്പും വനംവകുപ്പും നേരത്തേ കേസെടുത്തിരുന്നു.