ഊട്ടി : കഴിഞ്ഞ അഞ്ചുദിവസമായി ഗൂഡല്ലൂർ, മുതുമല വനംവകുപ്പ് അധികൃതർ നടത്തിവന്ന ദൗത്യം പൂർത്തിയായി. ശരീരത്തിന്റെ പിൻഭാഗത്ത് വ്രണവുമായി ചുറ്റിനടന്ന കൊമ്പനെ പിടികൂടി ചികിത്സനൽകാൻ മുതുമല അഭയാരണ്യത്തിൽ മരത്തടികൾ കൊണ്ടൊരുക്കിയ കൊട്ടിലിൽ തളച്ചു.

മയക്കുവെടിവെക്കാതെ സാഹസികമായാണ്‌ കൊമ്പനെ പിടികൂടിയത്. മേൽ ഗൂഡല്ലൂർ ഭാഗത്ത്‌ കഴിഞ്ഞ ഒരുമാസത്തോളമായി 30 വയസ്സ് വരുന്ന ഈ കൊമ്പൻ അലഞ്ഞുനടക്കുകയായിരുന്നു. പിൻഭാഗത്തുണ്ടായ മുറിവ് വ്രണമായി, വേദനസഹിച്ച് നടക്കുകയായിരുന്നു. ജനവാസകേന്ദ്രങ്ങളിലും കൊമ്പൻ എത്തിയതോടെ, അതിനെ പിടികൂടി ചികിത്സനൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തി. തുടർന്ന്, വനംവകുപ്പ് ആനയ്ക്ക് പഴങ്ങളിൽ മരുന്ന് വെച്ചുകൊടുത്ത് ചികിത്സ നൽകിയിരുന്നു. കൊമ്പനെ അവശനായി വീണ്ടും കാണപ്പെട്ടതോടെ പിടികൂടി മുതുമലയിൽ എത്തിച്ച് ചികിത്സനൽകാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച കൊമ്പനെ പുത്തൂർവയൽ ഭാഗത്തുവെച്ച് രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ കയർ കെട്ടി വരുതിയിലാക്കി. വ്യാഴാഴ്ച ഈപ്പൻ നാടുവഴി കൊണ്ടുവന്ന് ലോറിയിൽ കയറ്റി അഭയാരണ്യത്തിൽ എത്തിക്കുകയായിരുന്നു. ലോറിയിൽനിന്ന്‌ കൊമ്പനെ ഇറക്കി കൊട്ടിലിൽ കയറ്റാൻ നാലുമണിക്കൂറോളം എടുത്തു. 10 കുങ്കിയാനകളും പാപ്പാന്മാരും വനപാലകരും കൂട്ടായുള്ള പ്രയത്നത്തിൽ കൊമ്പനെ കൊട്ടിലിൽ കയറ്റുകയായിരുന്നു. ലോറിയിൽ കൊമ്പൻ പരാക്രമം കാണിക്കുകയുണ്ടായി. വ്രണം കൂടുതൽ ഭാഗങ്ങളിൽ ബാധിച്ചനിലയിലായിരുന്നു. ഇടത്തെ കാലിന് വീക്കവുമുണ്ട്. ഡോക്ടർമാരായ വിജയരാഘവൻ, സുകുമാരൻ, മനോഹരൻ, രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘംതന്നെ ആനയെ ചികിത്സിക്കാൻ ഉണ്ടായിരുന്നു.

കൊമ്പന്റെ വ്രണം വളരെ പഴക്കമുള്ളതാണെന്നും ശരിയാക്കിയെടുക്കാൻ കുറച്ചുകാലത്തെ തീവ്രചികിത്സ നൽകേണ്ടിവരുമെന്നും മുതുമല ഫീൽഡ് ഡയറക്ടർ കെ.കെ. കൗശൽ പറഞ്ഞു.വെടിവെക്കാതെ പിടികൂടി കൊട്ടിലിൽ അടയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.