ഗൂഡല്ലൂർ : മയക്കുവെടിവെച്ച് പിടികൂടി മസിനഗുഡിയിൽനിന്ന് വെള്ളിയാഴ്ച മൈസൂരിലെ ശ്രീചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനിലെ പരിചരണകേന്ദ്രത്തിലെത്തിച്ച ടി 23 കടുവ ഉന്മേഷം വീണ്ടെടുത്തു. കടുവയുടെ ശരീരത്തിലുള്ള ആഴത്തിലുള്ള മുറിവ് ഡോക്ടർമാർ പരിശോധിച്ചിരുന്നു. പഴകിയ മുറിവ് ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. മറ്റുമുറിവുകൾ സാരമല്ലെന്നാണ് വിദഗ്‌ധരുടെ പക്ഷം. രണ്ടുദിവസത്തിനകം കടുവയെ വീണ്ടും കൂട്ടിലടയ്ക്കാനാകും.

വനംവകുപ്പ് സെക്രട്ടറി സുപ്രിയാസാഹു, ഫോറസ്റ്റ് ഫീൽഡ് ഡയറക്ടർ ജെ. വെങ്കിടേഷ് പ്രഭു, വൈൽഡ് ലൈഫ് വാർഡൻ ആർ. നരേന്ദ്രബാബു, ഡി.എഫ്.ഒ. ബേസ്ലേ സച്ചിൻ തുഗ്റാം എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും മൈസൂരുവിൽ എത്തിയിരുന്നു. നാലുപേരെ കൊന്ന ടി 23 കടുവ പിടിയിലായതോടെ ജനങ്ങളുടെ ഭീതിയകന്നെങ്കിലും കടുവയെ എന്തുചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്. ചെന്നൈ ഹൈക്കോടതിയാണ് കടുവയെ വെടിവെച്ചു കൊല്ലാനുള്ള നീക്കം വിലക്കിയത്. മയക്കുവെടിവെച്ച് ജീവനോടെ പിടികൂടാനായിരുന്നു കോടതിയുടെ ഉത്തരവ്.

കടുവയെ അതിന്റെ ആവാസവ്യവസ്ഥയിൽ വിട്ടയയ്ക്കണമെന്നാണ് കോടതി നിർദേശം. ഇതുപ്രകാരം വീണ്ടും വനാന്തർഭാഗത്തേക്ക്‌ തുറന്നുവിടേണ്ടിവരും. ചെന്നൈയിലെ വണ്ടലൂർ അറിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക്‌ കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കോടതി ഇടപെടലുണ്ടായതോടെ വിശദമായ ചർച്ചകൾക്കുശേഷമേ തീരുമാനത്തിലെത്താനാവൂ. ഇതിനായി സർക്കാർ രൂപവത്കരിച്ച ആറംഗസമിതിയുടെ യോഗം ചേരേണ്ടതുണ്ട്.

ടി 23 കടുവയെ വീണ്ടും ഉൾവനത്തിലേക്ക്‌ വിട്ടയയ്ക്കുമെന്ന ഭീതി വേണ്ടെന്ന് ശ്രീമധുര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സുനിൽ പറഞ്ഞു. കോടതി കടുവയെ കൊല്ലരുത് എന്ന് മാത്രമാണ് വിധിയിലൂടെ പറഞ്ഞത്. ചികിത്സയ്ക്കുശേഷം മൈസുരുവിലെ മൃഗശാലയിലോ ചെന്നൈയിലെ വണ്ടല്ലൂർ മൃഗശാലയിലോ മാത്രമേ കടുവയെ വിടൂ. ജനങ്ങൾ ഏറെ പൊറുതിമുട്ടിയാണ് ഇത്രയുംകാലം കഴിഞ്ഞത്. സർക്കാരിന്റെ തീരുമാനം ജനകീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടി 23 കടുവ മൈസൂരുവിലെ ശ്രീചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡനിലെ പരിചരണകേന്ദ്രത്തിൽ