സുൽത്താൻബത്തേരി : കാസർകോട് കേന്ദ്രമായി നടത്തിയ മൈ ക്ലബ്ബ് ട്രേഡേഴ്‌സ് മണിചെയിൻ തട്ടിപ്പിന് വയനാട്ടിലും ഒട്ടേറെപേർ ഇരയായി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നായി തട്ടിപ്പുസംഘം ലക്ഷങ്ങളുടെ നിക്ഷേപം കൈക്കലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ആരും പോലീസിൽ പരാതിപ്പെട്ടിട്ടില്ല. പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലും മാനഹാനി ഭയന്നുമാണ് പലരും പരാതിയുമായി വരാൻ തയ്യാറാകാത്തത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപത്തട്ടിപ്പിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് കമ്പനി അധികൃതർ അറസ്റ്റിലായ വാർത്തകളും പുറത്തുവന്നതോടെ പണം നിക്ഷേപിച്ചവരെല്ലാം വലിയ ആശങ്കയിലാണ്.

2020 ജനുവരി മുതലാണ് ജില്ലയിൽ മൈ ക്ലബ്ബ് ട്രേഡേഴ്‌സ് നിക്ഷേപ തട്ടിപ്പ് തുടങ്ങിയത്. ഇതിൽ 50,000 രൂപ മുതൽ ലക്ഷങ്ങൾ നിക്ഷേപംനടത്തിയവർ ജില്ലയിലുണ്ട്. ബത്തേരി, നൂൽപ്പുഴ പഞ്ചായത്തുകളിലുള്ള ഒട്ടേറെ പേരിൽനിന്നും ഇവർ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ബത്തേരി, താഴത്തൂർ എന്നിവിടങ്ങളിലുള്ള രണ്ടു യുവാക്കളാണ് ഈ മേഖലകളിൽനിന്ന് ആളുകളെ ചേർത്തിരുന്നത്. മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരിലുള്ള മലേഷ്യൻ കമ്പനിയിലേക്ക് നിക്ഷേപമെന്ന രീതിയിലാണ് ആളുകളിൽനിന്ന്‌ പണം കൈപ്പറ്റിയത്.

പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ ഉപയോഗിക്കാനാവുന്ന മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന ആപ്പിലൂടെയായിരുന്നു ഇവരുടെ ഇടപാടുകളെല്ലാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിദിനം ഒരുശതമാനം പലിശനിരക്കിൽ ഒരു വർഷത്തേക്ക് പ്രതിഫലം വാഗ്ദാനം ചെയ്താണ് ആളുകളെ ഇതിലേക്ക് ചേർക്കുന്നത്.

തുടക്കത്തിൽ നിക്ഷേപം നൽകിയവർക്കെല്ലാം വാഗ്ദാനംചെയ്ത തുക കൃത്യമായി നൽകിയാണ് തട്ടിപ്പു സംഘം മറ്റുള്ളവരുടെ വിശ്വാസമാർജിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തേക്ക് എല്ലാ ആഴ്ചയും ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ 1000 രൂപ വീതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയിലധികം ഒരു വർഷംകൊണ്ട് ലഭിക്കുമെന്ന് കേട്ടതോടെ ഒട്ടേറെ പേരാണ് ലക്ഷങ്ങൾ ഇതിൽ മുടക്കിയത്. ഓരോ ദിവസത്തെയും തുക ഡോളറുകളായി ആപ്ലിക്കേഷന്റെ വാലറ്റുകളിലെത്തും. ഇത് നിശ്ചിത മാസങ്ങൾ കഴിയുമ്പോൾ കമ്പനി നിർദേശിക്കുന്ന ആളുകളുടെ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്താൽ പണമായി ലഭിക്കും. മിക്കവർക്കും കമ്പനിയുടെ ഏജന്റുമാർ മുഖേന പണം നേരിട്ടാണ് കൈമാറിയിരുന്നത്. ആളുകളെ ഇതിൽ ചേർത്തുകൊടുക്കുന്നവർക്കും വലിയ കമ്മിഷൻ ലഭിച്ചിരുന്നു.

മറ്റു മണി ചെയിൻ കമ്പനികൾ സംഘടിപ്പിക്കുന്നതുപോലെയുള്ള യോഗങ്ങളോ ക്ലാസുകളോ ഇവർ സംഘടിപ്പിച്ചിരുന്നില്ല. ഓരോരുത്തരെയും വ്യക്തിപരമായി സമീപിച്ചാണ് ഇവർ നിക്ഷേപകരെ കണ്ടെത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പണം ലഭിക്കാതായതോടെ നിക്ഷേപകർ കമ്പനിയുടെ ഏജന്റുമാരെ ബന്ധപ്പെട്ടെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

നേരത്തേ പിടിയിലായ പണം സംഘത്തിന്റേത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബത്തേരി-കല്പറ്റ റൂട്ടിലെ പരിശോധനയ്ക്കിടെ പിടികൂടിയ 14.5 ലക്ഷം രൂപ ഈ തട്ടിപ്പ് സംഘത്തിന്റേതാണെന്നാണ് വിവരം. ജില്ലയിലെ ഇടപാടുകാരിൽനിന്ന് സ്വീകരിച്ച നിക്ഷേപം കമ്പനി അധികൃതരിലേക്ക് എത്തിക്കാൻ പോകുന്നതിനിടെയാണ് ഇവർ പരിശോധനാ സംഘത്തിന്റെ പിടിയിലായത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക തട്ടിപ്പ് നടന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പു സംഘത്തിലെ അഞ്ചുപേരെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനിയുടെ മാനേജിങ് ഡയറക്ടറും മലപ്പുറം സ്വദേശിയുമായ സി.എം. ഫൈസലിനെ പിടികൂടാനായിട്ടില്ല. മഞ്ചേശ്വരത്ത് രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽനിന്നാണ് മണി ചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.