കല്പറ്റ : നിലമ്പൂർ- നഞ്ചൻകോട് റെയിൽപ്പാത അട്ടിമറിക്കുന്നതിനെതിരേ നീലഗിരി-വയനാട് എൻ.എച്ച്. ആൻഡ് റെയിൽവെ ആക്‌ഷൻ കമ്മിറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ റെയിൽപ്പാതയുടെ പ്രവൃത്തികൾ മുഖ്യമന്ത്രി, ഇ. ശ്രീധരനുമായി ചർച്ച നടത്തി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 20-ന് കല്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
എൻ.എസ്.എസ്., എസ്.എൻ.ഡി.പി., വിവിധ സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കൊമേഴ്‌സ്, മലബാർ ഡെവലപ്‌മെന്റ് ഫോറം എന്നിവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ധർണ ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. ഒട്ടേറെ സമരങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായാണ് 2016-ലെ റെയിൽവേ ബജറ്റിൽ റെയിൽപ്പാതയ്ക്ക് അനുമതി ലഭിക്കുന്നതും പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുന്നതും. 2017-ൽ ഇ. ശ്രീധരൻ കല്പറ്റയിൽ ജനകീയ കൺവെൻഷൻ വിളിച്ചിരുന്നു. അഞ്ചു വർഷംകൊണ്ട് പാത പൂർത്തിയാക്കാമെന്നാണ് പറഞ്ഞിരുന്നത്. മന്ത്രി ജി. സുധാകരൻ റെയിൽപ്പാതയുടെ ലോഞ്ചിങ് വരെ പ്രഖ്യാപിച്ചതാണ്. പിന്നീട് പദ്ധതി അട്ടിമറിക്കുകയായിരുന്നു.
ഒരു ലോബി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും സ്വാധീനം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്നാണ് റെയിൽപ്പാത മുടങ്ങിപ്പോയതെന്ന് ഭാരവാഹികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കാൻ ജില്ലയിലെ ബന്ധപ്പെട്ടവർക്ക് കഴിയുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് നിലമ്പൂർ- നഞ്ചൻകോട് റെയിൽപ്പാത ജില്ലയുടെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായി വീണ്ടും സമരത്തിനിറങ്ങുന്നത്. പത്രസമ്മേളനത്തിൽ കൺവീനർ ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, മോഹൻ നവരംഗ് എന്നിവർ പങ്കെടുത്തു.