കല്പറ്റ : ആദിവാസികളും ദരിദ്രജനവിഭാഗങ്ങളും കൂടുതലുള്ള ജില്ലയ്ക്ക് തുരങ്കപാതയല്ല മെഡിക്കൽ കോളേജാണ് അത്യാവശ്യമായി വേണ്ടതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി.
മാറിവരുന്ന സർക്കാരുകളുടെ പ്രകൃതിചൂഷണത്തിന്റെ തുടർച്ചയാണ് നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പശ്ചിമഘട്ടം കീറി മുറിക്കുന്ന തുരങ്കപാത പദ്ധതി ഉപേക്ഷിക്കണം.
മെഡിക്കൽ കോളേജ് മടക്കിമലയിലെ ഭൂമിയിൽത്തന്നെ പണിയണം. മടക്കിമലയിൽ കോളേജ് പണിയാത്തതിൽ ദുരൂഹതയുണ്ട്.
മടക്കിമലയിലെ ഭൂമി ഏറ്റെടുത്ത് റോഡ് പ്രവൃത്തി തുടങ്ങിയതിനു ശേഷമാണ് സ്ഥലത്ത് മെഡിക്കൽ കോളേജ് നിർമിക്കാൻ പറ്റിയതല്ലെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് വന്നതായി സ്ഥലം എം.എൽ.എ. പറഞ്ഞത്.
കൂടുതൽ പരിശോധനകൾ വേണമെന്നല്ലാതെ റിപ്പോർട്ടിൽ എവിടെയും മടക്കിമലയിൽ കോളേജ് നിർമിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല.
കോളേജ് വിഷയത്തിൽ സർവകക്ഷി യോഗം ചേരാൻ സർക്കാർ തയ്യാറാകണം. തുരങ്കപാതയല്ല മെഡിക്കൽ കോളേജാണ് നാടിനാവശ്യമെന്ന സന്ദേശമുയർത്തി 19-ന് ധർണ നടത്തും. സമിതി ജില്ലാ പ്രസിഡന്റ് വർഗീസ് വട്ടേക്കാട്ടിൽ, കെ.വി. പ്രകാശ്, എം.കെ. ഷിബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.