കല്പറ്റ : മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡിൽ ഉൾപ്പെട്ട പൂതമല കോളനിവാസികളുടെ വീടുകളുടെ താക്കോൽ കൈമാറി. കാരാപ്പുഴ ഡാമിന്റെ ബെൽറ്റ് ഏരിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുകയും വീടുകളുടെ തറയുടെ പണി പൂർത്തിയാക്കിയതിന് ശേഷം വർഷങ്ങളായി പ്രവൃത്തി നിർത്തിവെക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.

വീടുപണിക്കുവേണ്ടി നിലവിലുണ്ടായിരുന്ന വീടുകൾ പൊളിച്ചു മാറ്റിയതിനെത്തുടർന്ന് ഷെഡ്ഡുകളിൽ ആയിരുന്നു ഇവർ താമസിച്ചുകൊണ്ടിരുന്നത്.

അന്നത്തെ കളക്ടർ ഡോ. അദീല അബ്ദുള്ളയുമായും പട്ടികവർഗ വകുപ്പ്, കാരാപ്പുഴ ഇറിഗേഷൻ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയാണ് നിർമാണം പൂർത്തിയാക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയാണ് വീടുകളുടെ പണി പൂർത്തിയാക്കിയത്. കാരാപ്പുഴ ബെൽറ്റ് ഏരിയുമായി ബന്ധപ്പെട്ട് ആറു മീറ്റർ ഉയരത്തിൽ മുകളിൽ മാത്രമേ നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകാവൂ എന്നുള്ളതാണ് ഇറിഗേഷൻ വകുപ്പിന്റെ നിലപാട്. ഇതിനാൽ ഒട്ടേറെ ആദിവാസി വീടുകൾ പണി പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്.

ആദിവാസി ഭവന പദ്ധതി തുടങ്ങുന്നത് മുമ്പുതന്നെ സ്ഥലം പരിശോധിച്ച് തർക്കമുള്ള ഭൂമിയാണെങ്കിൽ അത് മാറ്റി നൽകാൻ നടപടി സ്വീകരിച്ചാലേ മറ്റു പദ്ധതികളുമായി മുന്നോട്ടുപോവാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.