കോട്ടത്തറ : ഓൺലൈൻ പഠനങ്ങളിലെ പരിമിതികളെ മറികടക്കാൻ പ്രാദേശിക ലൈബ്രറി പദ്ധതിയുമായി വാളൽ യു.പി. സ്കൂൾ. വായനയിലേക്ക് കുട്ടികളെ കൊണ്ടുവരാനും ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലേക്ക് എത്തിക്കാനുമായി ‘വായിച്ചു വിളയാം’ - പ്രാദേശിക ലൈബ്രറിപദ്ധതി തുടങ്ങി.

വിദ്യാലയത്തിലെയും മറ്റു പൊതുപഠന കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലെയും പുസ്തകങ്ങൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികൾക്ക് നിശ്ചിതസമയത്ത് പുസ്തകങ്ങൾ എടുക്കാനും വായിക്കാനും വിലയിരുത്താനും ചർച്ചചെയ്യാനും സാധിക്കും.

പുസ്തകവിതരണം മാടക്കുന്ന് പൊതു പഠനകേന്ദ്രത്തിൽ കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. റനീഷ് ഉദ്ഘാടനം ചെയ്തു. വാർഡംഗം ആൻറണി ജോർജ് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ. വസന്ത, പുഷ്പാ സുന്ദരൻ, ജോസ് ഞാറക്കുളം, സുരേഷ് ബാബു വാളൽ, ലിസി ടി. മത്തായി, കെ.എസ്. ബിന്ദു, എ.പി. സാലിഹ്, ലിജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.