ചുള്ളിയോട് : സംസ്ഥാന ജൂനിയർ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച തുടങ്ങും. രണ്ടുദിവസമാണ് ചാമ്പ്യൻഷിപ്പ്. വയനാട്ടിലേക്ക് ആദ്യമായെത്തുന്ന ജൂനിയർ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ 14 ജില്ലകളിൽ നിന്നുള്ള ആൺ-പെൺ ടീമുകൾ ചുരം കയറിയെത്തി. 350-ലധികം താരങ്ങളും ഒഫീഷ്യലുകളുമാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. വെള്ളിയാഴ്ചതന്നെ ടീമുകൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി.

ചുള്ളിയോട് ഗാന്ധിസ്മാരക ക്ലബ്ബിന്റെ പ്രത്യേകം സജ്ജമാക്കിയ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിനായി രണ്ടുഗ്രൗണ്ടുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ കായികക്ഷമതവേണ്ട മത്സരമെന്ന പ്രത്യേകതയുള്ള ഖൊ-ഖൊയ്ക്ക് ഈ ചാമ്പ്യൻഷിപ്പോടെ ജില്ല ജനകീയ ഇടമാവും. ചാമ്പ്യൻഷിപ്പിലെ അതികായർ പാലക്കാടാണ്. പുരുഷ-വനിതാ വിഭാഗങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന് വെല്ലുവിളി ഉയർത്തി തിരവനന്തപുരവും മലപ്പുറവുമുണ്ട്. മികച്ച ടീമുമായി ഇത്തവണ വയനാട് കൂടി കച്ചക്കെട്ടി ഇറങ്ങുന്നതോടെ ചാമ്പ്യൻഷിപ്പ് പ്രവചനാതീതമാകും. ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ ജൂനിയർ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരളടീമിനെ ഈ മത്സരത്തിൽനിന്നാണ് തിരഞ്ഞെടുക്കുക.

ശനിയാഴ്ച രാവിലെ 10-ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനസമ്മേളനത്തിൽ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ പങ്കെടുക്കും. 16-ന് നടക്കുന്ന സമാപനസമ്മേളനം എം.വി. ശ്രേയാംസ് കുമാർ എം.പി. ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും.