വെള്ളമുണ്ട : ജില്ലയിൽ രാസവളക്ഷാമം അതിരൂക്ഷമായതോടെ കാർഷിക മേഖല നിശ്ചലമാകുന്നു. മാസങ്ങൾ കാത്തിരുന്നിട്ടും രാസവളം എത്തുന്നത് കുറഞ്ഞതോടെ കർഷകരെല്ലാം നെട്ടോട്ടത്തിലാണ്. ദിവസങ്ങളുടെ ഇടവേളയിൽ ആവർത്തന വളപ്രയോഗം അത്യാവശ്യമായ വാഴ തുടങ്ങിയ വിളകൾക്കാണ് ഇത്തവണ പ്രശ്നം. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പൊട്ടാഷ്, യൂറിയ വളങ്ങൾ വിപണിയിൽ എത്തുന്നത് കുറഞ്ഞതോടെയാണ് കാർഷികമേഖല കൂടുതൽ പ്രതിസന്ധിയിലായത്.

ദീർഘകാലവിളകൾക്ക് കടുത്ത രോഗബാധയും വിലത്തകർച്ചയുമെല്ലാം നേരിട്ടതോടെ ജില്ലയിൽ ഭൂരിഭാഗം കർഷകരും വാഴ തുടങ്ങിയ ഹ്രസ്വകാലവിളകളിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. വയലുകളും കൃഷിയിടങ്ങളും വൻതോതിൽ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയവരാണ് കൂടുതലുള്ളത്. കൃഷിയുടെ തുടക്കംമുതലേ രാസവളത്തിന് ക്ഷാമംനേരിടാൻ തുടങ്ങിയിരുന്നു. നേന്ത്ര വാഴത്തോട്ടങ്ങളിൽ വയനാടിന്റെ സീസണനുസരിച്ച് നാലോളം തവണ വളപ്രയോഗം പിന്നിടാനുള്ള സമയമാണിത്. ഒന്നോ രണ്ടോ തവണ മാത്രമാണ് വളപ്രയോഗത്തിനുള്ള രാസവളം കിട്ടിയത്. ഇക്കാരണത്താൽ വാഴത്തോട്ടങ്ങൾ മിക്കതും മുരടിച്ച നിലയിലാണ്. വേനൽകൂടി ശക്തമാകാൻ തുടങ്ങിയതോടെ ഇനി വളപ്രയോഗത്തിനുള്ള സാധ്യതകളും അടയുന്നതോടെ വിളവിനെയും ഇതെല്ലാം സാരമായി ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്.

വിപണി പിടിച്ച് തുള്ളിവളങ്ങൾ

വയനാട്ടിൽ കേട്ടുകേൾവിപോലുമില്ലാത്ത തുള്ളിവളങ്ങൾ രാസവളക്ഷാമത്തിന്റെ മറവിൽ ജില്ലയിൽ വ്യാപകമാകുന്നു. പൊടിരൂപത്തിലുള്ള വളങ്ങൾ വെള്ളത്തിൽ കലക്കി വാഴയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്ന രീതിയാണിത്. വിവിധപേരിലുള്ള തുള്ളിവളങ്ങൾ വിപണിയിൽ ലഭ്യമാണ്. ജൈവവളങ്ങൾ എന്ന പേരിലും വിൽപ്പന തകൃതിയാണ്. രാസവളക്ഷാമത്തിൽ പൊറുതിമുട്ടിയിരിക്കുന്ന കർഷകരാകട്ടെ, ഈ വളത്തിന്റെ മറ്റു പ്രത്യാഘാതങ്ങൾ ഒന്നും നോക്കാതെ ഈ തുള്ളിവളങ്ങൾ വൻതോതിൽ വാങ്ങി മണ്ണിലേക്ക് കലക്കി ഒഴിക്കുകയാണ്. മണ്ണിന്റെ ജൈവഘടനയടക്കം മാറ്റുന്ന ഇത്തരത്തിലുള്ള വളങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പലതരത്തിലുള്ള ആശങ്കകളാണുള്ളത്. കൃഷിവകുപ്പിൽ നിന്നോ മറ്റധികൃതരിൽനിന്നോ ഇതു സംബന്ധിച്ച നിർദേശങ്ങളോ പഠനങ്ങളോ വന്നിട്ടില്ല. രാസവളം കിട്ടാതായതോടെ വിപണിയിൽ ഇത്തരത്തിലുള്ള പുതിയ വളപ്പൊടികൾ എത്തുകയാണ്. അതിവേഗം വളർച്ച പ്രദാനം ചെയ്യുന്ന ഈ വളങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നുമില്ലാതെയാണ് മിക്കവരും പിന്തുടരുന്നത്.

മരിച്ച മണ്ണിൽ പുതിയ പരീക്ഷണങ്ങൾ

തുടർച്ചയായ വാഴക്കൃഷിയിൽ മരുപ്പറമ്പായി മാറിയ വയലുകളിൽ തുള്ളിവളങ്ങളുടെ പ്രയോഗം മറ്റൊരു ഭീഷണിയായി മാറും. മണ്ണിന്റെ ജൈവികതയെ പൂർണമായും വലിച്ചെടുക്കുന്ന ഇത്തരത്തിലുള്ള വളങ്ങൾ കൃഷിയിടത്തിൽ വ്യാപകമാകുന്നതോടെ മറ്റൊരു കൃഷിരീതിയുടെയും തുടക്കമാകും. വൻതോതിൽ രാസവളപ്രയോഗം നടത്തുന്നതിനാൽ രണ്ടുവർഷംവരെ മാത്രമാണ് തുടർച്ചയായുള്ള വാഴകൃഷി ഒരേ കൃഷിയിടത്തിൽ ഇപ്പോൾ സാധ്യമാകുന്നത്. ഇതിനുശേഷം വർഷങ്ങളോളം കൃഷിയിറക്കാതെ തരിശിട്ടാൽ മാത്രമാണ് ഇവിടെ വീണ്ടും കൃഷി സാധ്യമാവുക. അശാസ്ത്രീയമായ വളപ്രയോഗം മണ്ണിന് തുടർച്ചയായി ആഘാതം ഏൽപ്പിക്കുമ്പോഴും മാർഗനിർദേശങ്ങളൊന്നുമില്ല.

തോന്നുന്നതുപോലെ വളപ്രയോഗം

ഏതെല്ലാം വിളകൾക്ക് എന്തെല്ലാം വളപ്രയോഗം നടത്തണമെന്ന കാര്യത്തിൽ കർഷകർക്ക് ഇപ്പോഴും അജ്ഞതയുണ്ട്. പലപ്പോഴും വളക്കടയിലെത്തി അവർ ശുപാർശ ചെയ്യുന്ന വളങ്ങളും കീടനാശിനികളും വാങ്ങി തിരികെപ്പോകേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മണ്ണിന്റെ ജൈവികതയെ തകർക്കുന്ന അളവുകൾ പരിധിവിട്ട് ഉപയോഗിക്കുന്നവരും ഏറെയുണ്ട്. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കുന്ന പലരും മണ്ണിന്റെ ജൈവഘടന നോക്കാതെ വളം വാരിയെറിയുന്നതും പതിവായിരിക്കുകയാണ്. തികച്ചും അശാസ്ത്രീയായ ഈ വളപ്രയോഗം മണ്ണിനെ വിഷലിപ്തമാക്കുകയാണ്. പലതരം ഹോർമോണുകളും വിപണിയിൽ സുലഭമാണ്. ഇലകളിൽ തളിച്ചാൽമാത്രം തഴച്ചുവളരുന്ന വിളകൾ ലാഭം തരുമെങ്കിലും ഇതിന്റെയെല്ലാം പാർശ്വഫലങ്ങൾ ഇനിയും അജ്ഞാതമാണ്.

പൊട്ടാഷിന്റെ വിലവർധന; എം.പി.മാർ ഇടപെടണം

കല്പറ്റ : കേരളത്തിലെ പൊട്ടാഷ് വളത്തിന്റെ വിലക്കയറ്റവും രാസവളക്ഷാമവും നിയന്ത്രിക്കാൻ എം.പി. മാർ ഇടപെടണമെന്ന് വയനാട് കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാഹുൽഗാന്ധി ഉൾപ്പടെയുള്ള മുഴുവൻ എം.പി.മാർക്കും നിവേദനംനൽകും. സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി. മുരളീധരനും പ്രശ്നത്തിൽ ഇടപെടണം. കേരളത്തിൽ ഇടുക്കി കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ രാസവളം ഉപയോഗിക്കുന്നത് വയനാട്ടിലാണ്. പ്രതിമാസം 3000 മുതൽ 6000 ടൺ വരെയുള്ള രാസവളം ആവശ്യമുള്ള ജില്ലയിൽ പത്തിലൊന്ന് ശതമാനം മാത്രമാണ് ഇപ്പോൾ ലഭ്യമാക്കുന്നത്. 50 കിലോയ്ക്ക് 1040 രൂപയുണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോൾ 1700 രൂപയാണ് വില. ഇതു കാരണം പൊട്ടാഷ് കലർന്ന മിശ്രിത വളങ്ങൾക്കും കമ്പനികൾ വിലവർധിപ്പിച്ചിരിക്കുകയാണ്.

നെല്ല്, തെങ്ങ്, കമുക്, വാഴ, റബ്ബർ, തേയില, കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ ദീർഘകാല വിളകൾക്കെല്ലാം പൊട്ടാഷ് വളം നിർബന്ധമാണ്. 80 ശതമാനം ജനങ്ങളും കാർഷികവൃത്തിയെ ആശ്രയിക്കുന്ന രാജ്യത്ത് ചെലവുകുറഞ്ഞ രാസവളങ്ങൾ നിർമിക്കുന്നതിന് ഗവേഷണം ആവശ്യമാണ്. പ്രസിഡന്റ് ഇ.പി. ഫിലിപ്പുകുട്ടി, ജനറൽ സെക്രട്ടറി ടി.എ. ബാബു, ട്രഷറർ സുരേഖാ വസന്തരാജ്, ഷിജു സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.