സുൽത്താൻബത്തേരി : ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ കുട്ടികളുടെ ‘സ്കൂൾമാർക്കറ്റ്’ തുടങ്ങി. കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനം നൽകുക, സമ്പാദ്യശീലം വളർത്തുക, സംരംഭകരാകാനുള്ള പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സ്കൂൾമാർക്കറ്റിന്റെ പ്രവർത്തനം. കുട്ടികൾ നിർമിച്ച ഉത്പന്നങ്ങളും കുട്ടികൾക്കാവശ്യമായ ഉത്പന്നങ്ങളും ഇവിടെ ലഭ്യമാകും. മാസ്കുകൾ, സോപ്പുപൊടി, ക്ലീനിങ് ലോഷനുകൾ, ഹാൻഡ് വാഷ് തുടങ്ങിയവയാണ് തുടക്കത്തിൽ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾക്കുതന്നെയാണ് മാർക്കറ്റിന്റെ നടത്തിപ്പുചുമതല.

സിൽ ഇന്ത്യ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് സ്കൂൾമാർക്കറ്റ് തുടങ്ങിയത്. വിവിധ ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം, അക്കൗണ്ടിങ്, മാർക്കറ്റിങ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. തയ്യൽപരിശീലന യൂണിറ്റും തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്, പദ്ധതിയെ സ്റ്റുഡന്റ്‌സ് സേവിങ്‌സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

സ്കൂളിലെ പ്രവൃത്തിപരിചയ അധ്യാപികയായ കെ.സി. ജാൻസിയാണ് കുട്ടികൾക്കാവശ്യമായ പരിശീലനം നൽകുന്നത്. വാർഡംഗം പ്രിയാ വിനോദ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് റബിപോൾ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ. കമലം, ബെറ്റി ജോർജ്, എ.കെ. പ്രദീപ്, ബേബി വർഗീസ്, ജിസ്‌ന ദേവസ്യ, കെ.ആർ. രമ്യ തുടങ്ങിയവർ സംസാരിച്ചു.