തലപ്പുഴ : തകർന്നുതരിപ്പണമായ പാൽച്ചുരംറോഡിലെ കുഴികൾ നാട്ടുകാർ നികത്തി. കരിങ്കൽച്ചീളുകൾ ഉപയോഗിച്ചാണ് നാട്ടുകാർ താത്കാലികമായി കുഴികളടച്ചത്. റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ വാഹനാപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാർ ശ്രമദാനം നടത്തിയത്.

കഴിഞ്ഞദിവസം മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ചുരത്തിലെ കുഴിയിൽച്ചാടി നിയന്ത്രണംവിട്ടിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻദുരന്തം ഒഴിവായത്. കഴിഞ്ഞയാഴ്ച പച്ചക്കറി കയറ്റിവരികയായിരുന്ന വാഹനവും ഇതേരീതിയിൽ റോഡിൽ മറിഞ്ഞിരുന്നു. പാൽച്ചുരം റോഡിന്റെ മേൽനോട്ടം ഏറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥ സംഘം ദിവസങ്ങൾക്ക് മുമ്പ് സ്ഥലംസന്ദർശിച്ച് ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നു.

റെജി കന്നുകുഴിയിൽ, ജോബി പുലിയൻപറമ്പിൽ, കെ. ബിനു, പി.കെ. രാജൻ, ഷിജു താന്നിവേലിൽ എന്നിവർ പാൽച്ചുരം റോഡിലെ കുഴികൾ നികത്തുന്നതിന് നേതൃത്വം നൽകി.