കല്പറ്റ : വൈത്തിരി താലൂക്കിൽനിന്ന് കഴിഞ്ഞ മൂന്നുവർഷങ്ങളിലായി നൽകിയ കെ.എൽ.ആർ. സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ കളക്ടർ എ. ഗീത നിർദേശിച്ചു. വൈത്തിരി താലൂക്കിനുകീഴിലെ വില്ലേജ് ഓഫീസുകളുടെ പേരിൽ വ്യാജസർട്ടിഫിക്കറ്റുകൾ നൽകുന്നുവെന്ന ‘മാതൃഭൂമി’ വാർത്തയെത്തുടർന്നാണ് നടപടി. വിഷയത്തിൽ വൈത്തിരി തഹസിൽദാറും കളക്ടർക്ക് റിപ്പോർട്ടുനൽകി.

കെ.എൽ.ആർ. സർട്ടിഫിക്കറ്റ് നിരസിച്ച അപേക്ഷകളിൽ വ്യാജസർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ടു നൽകാനും തഹസിൽദാറോട് കളക്ടർ ആവശ്യപ്പെട്ടിട്ടു. ഈ റിപ്പോർട്ടുംകൂടി ലഭിച്ചതിനുശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് കളക്ടർ പറഞ്ഞു.

അച്ചൂരാനം വില്ലേജിനുകീഴിൽ മൂവട്ടിയിൽ ക്വാറി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയ്ക്കൊപ്പമാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്. വില്ലേജ് ഓഫീസർ ലാൻഡ് ബോർഡിൽനിന്ന് സ്പഷ്ടീകരണം ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിലേക്ക് കൈമാറിയ കെ.എൽ.ആർ. സർട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിർമിച്ചെന്നാണ് വ്യക്തമാകുന്നത്. സീലിൽ വെങ്ങപ്പള്ളി വില്ലേജിന്റെ പേരുകണ്ട് ജിയോളജിവകുപ്പ് കത്തയച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പരിശോധനയിൽ വില്ലേജ് ഓഫീസർ നൽകാൻ വിസമ്മതിച്ച രേഖകളെല്ലാം വ്യാജമായി നിർമിച്ചതെന്ന് കണ്ടെത്തി. വെങ്ങപ്പള്ളി വില്ലേജിന്റെ പേരിലും വ്യാജരേഖകൾ നിർമിക്കുന്നതായി സംശയമുണ്ട്.

വ്യാജസർട്ടിഫിക്കറ്റാണെന്ന് വ്യക്തമായതോടെ ക്വാറിയുമായി ബന്ധപ്പെട്ട അപേക്ഷയിൽ തുടർനടപടി സ്വീകരിക്കരുതെന്ന് തഹസിൽദാർ ടി.പി. അബ്ദുൾ ഹാരിസ് ജിയോളജി വകുപ്പിന് നിർദേശം നൽകി. വൈത്തിരി താലൂക്കിൽനിന്ന് മുമ്പ് വൈത്തിരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് നൽകിയ സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വ്യാജസർട്ടിഫിക്കറ്റിനൊപ്പം വ്യാജ സാക്ഷ്യപത്രമുള്ള തെറ്റായ സർട്ടിഫിക്കറ്റുകളും മുൻതഹസിൽദാർ നൽകിയതായി വ്യക്തമായിരുന്നു. തുടർന്ന്, മുൻ തഹസിൽദാർ അഫ്സൽ ഉൾപ്പെടെ മൂന്നുജീവനക്കാർക്കുനേരെ വകുപ്പുതല നടപടികളും ഉണ്ടായിരുന്നു. പുതിയ ആരോപണങ്ങളിലും വകുപ്പിലെ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന്‌ അന്വേഷിക്കും. വൈത്തിരി പോലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്വാറിയുടെ അപേക്ഷയിൽ നടപടി നിർത്തിവെക്കാൻ ജിയോളജി വകുപ്പിന് നിർദേശം നൽകി. വൈത്തിരി തഹസിൽദാർ റിപ്പോർട്ടുനൽകി