സുൽത്താൻബത്തേരി : നിയോജകമണ്ഡലത്തിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളപി.ഡബ്ല്യു.ഡി. റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളെക്കുറിച്ച് ആലോചിക്കുന്നതിനായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ, ഗ്രാമപ്പഞ്ചായത്ത്, നഗരസഭാ ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബീനാച്ചി-പനമരം റോഡ്, ബത്തേരി-ചേരമ്പാടി റോഡ്, കാപ്പിസെറ്റ്-പയ്യമ്പള്ളി റോഡ്, കാക്കവയൽ-കൊളവയൽ-കാര്യമ്പാടി-കേണിച്ചിറ റോഡ് എന്നിവയുടെ നിലവിലെ സ്ഥിതി പരിശോധിക്കുകയും പോരായ്മകൾ കണ്ടെത്തി അടിയന്തരമായി പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബത്തേരി-ചേരമ്പാടി റോഡിന്റെ സർവേയുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് നെന്മേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി. മുള്ളൻകൊല്ലി-പുല്പള്ളി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥന്മാർക്ക് എം.എൽ.എ. നിർദേശം നൽകി. കാക്കവയൽ-കൊളവയൽ-കാര്യമ്പാടി-കേണിച്ചിറ റോഡിൽ ഒഴിവാക്കിയ ഭാഗംകൂടി ഉൾപ്പെടുത്തിയുള്ള ഡി.പി.ആർ. കിഫ്ബിക്ക് നൽകും.

ബീനാച്ചി-പനമരം റോഡുമായി ബന്ധപ്പെട്ട് തുടർപ്രവൃത്തി സർക്കാർ തീരുമാനപ്രകാരം കെ.ആർ.എഫ്.ബി.ക്ക് സെപ്റ്റംബർ 16-ന് മുമ്പായി കൈമാറാൻ തീരുമാനിച്ചു. തുടർപ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കെ.ആർ.എഫ്.ബി. എക്‌സിക്യുട്ടീവ് എൻജിനിയറെ ചുമതലപ്പെടുത്തി. റോഡുനിർമാണത്തിനുള്ള കരാർ ടെൻഡർ ചെയ്യുമ്പോൾ കരാറുകാരുടെ കാര്യക്ഷമതയും പ്രവർത്തനമുൻപരിചയവും പരിശോധിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേഷ്, മേഴ്‌സി സാബു, ബേബി വർഗീസ്, എക്‌സിക്യുട്ടീവ് എൻജിനിയർ എസ്.ആർ. അനിതാകുമാരി, തഹസിൽദാർ പി.എം. കുര്യൻ, അസി. എക്‌സിക്യുട്ടീവ് എൻജിനിയർ വി.പി. സാബു, എം. മനോജ്, കെ.കെ. ഷിനു തുടങ്ങിയവർ സംസാരിച്ചു.