സമഗ്രപദ്ധതിയുമായി ജില്ലാഭരണകൂടവും ടൂറിസം വകുപ്പും

കല്പറ്റ : ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ദുരന്തരഹിതമാക്കാൻ സമഗ്രപദ്ധതിയുമായി ജില്ലാഭരണകൂടവും ടൂറിസം വകുപ്പും.

രാജ്യത്ത് ആദ്യമായിട്ടാണ് ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമായി സമഗ്രമായ ഒരു ദുരന്തനിവാരണപദ്ധതി ആരംഭിക്കുന്നത്. ഓരോ വിനോദസഞ്ചാരകേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണപദ്ധതിയും പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സേഫ് ടൂറിസം കാമ്പയിനും ജില്ലയിൽ തുടങ്ങി.

അന്താരാഷ്ട്ര ദുരന്ത ലഘൂകരണദിനാചരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂക്കോട് തടാകത്തിൽ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണപ്ലാൻ കളക്ടർ പ്രകാശനം ചെയ്തു. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വയനാടിനെ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് പദ്ധതി സഹായിക്കുമെന്ന് കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ വി. അബൂബക്കർ, ഡി.ടി.പി.സി. സെക്രട്ടറി മുഹമ്മദ് സലീം, ദുരന്തനിവാരണവിഭാഗം മാനേജർ അമിത് രമണൻ തുടങ്ങിയവർ സംസാരിച്ചു. റെഡ്‌ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അടിയന്തരഘട്ട രക്ഷാപ്രവർത്തനത്തിന്റെ മോക്ഡ്രിലും നടന്നു.